ഹാദിയ കേസ്;ചൊവ്വാഴ്ച എന്‍ഐഎ റിപ്പോർട്ട് സമര്‍പ്പിക്കുമെന്ന് പുതിയ വിവരം

ഹാദിയ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുതിയ തല്‍സ്ഥിതി റിപോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കും. ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്ന ചൊവ്വാഴ്ച എന്‍ഐഎ റിപോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് പുതിയ വിവരം.വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത്. നവംബര്‍ 27നു ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിതയാക്കിയ സുപ്രിംകോടതി വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്റെ മൊഴിയും എന്‍ഐഎ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപോര്‍ട്ട്. കേസ് അന്വേഷണം ഏറ്റെടുത്തതിനു ശേഷമുള്ള മൂന്നാമത്തെ റിപ്പോര്‍ട്ടാണ് എന്‍ഐഎ ചൊവ്വാഴ്ച സമര്‍പിക്കുന്നത്. ഹാദിയ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് സുപ്രിംകോടതിയില്‍ വ്യക്തമാക്കുകയും എന്‍ഐഎയ്ക്ക് മൊഴിനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അവരുടെ മനംമാറ്റത്തിന് ആരെങ്കിലും കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുക മാത്രമാണ് തങ്ങളുടെ കടമയെന്ന്് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇസ്‌ലാം സ്വീകരിച്ച ആറു പേരെ ചോദ്യം ചെയ്ത എന്‍ഐഎ ഇവര്‍ ആരും സാമ്പത്തിക നേട്ടങ്ങള്‍ക്കായല്ല മതംമാറിയതെന്ന് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത പ്രബോധത്തിലൂടെയും മറ്റുമാണ് ഇവരെ മതപരിവര്‍ത്തനം നടത്തിയതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. കേസിന്റെ ഭാഗമായി നാഷനല്‍ വുമണ്‍സ് ഫ്രണ്ട് നേതാവ് എ എസ് സൈനബയെയും ചോദ്യം ചെയ്തിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 89 കേസുകളാണ് കേരള സര്‍ക്കാര്‍ അന്വേഷണത്തിനായി എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത്. ഇതില്‍ 30 എണ്ണം ഹിന്ദു മതസ്ഥരുമായി ബന്ധപ്പെട്ടതും ബാക്കി മറ്റു മതക്കാര്‍ ഉള്‍പ്പെട്ടതുമാണ്.