അക്രമണത്തിൽ പ്രതിഷേധിച്ച് ‘അമ്മ ‘

നടിക്കെതിരായ അക്രമണത്തിൽ പ്രതിഷേധിച്ച് മല‍യാളസിനിമാതാരങ്ങളുടെ കൂട്ടായ്മ. അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖതാരങ്ങൾക്കൊപ്പം ചലച്ചിത്രമേഖല ഒന്നടങ്കം അണി ചേർന്നു.
ഇന്നസെന്‍റ്, മമ്മൂട്ടി, ദിലീപ്, മഞ്ജു വാര്യര്‍, കമല്‍, രഞ്ജി പണിക്കര്‍, രജ്ഞിത്ത്, ജോഷി സിനിമാമേഖല ഒന്നടങ്കമാണ് പ്രതിഷേധത്തിനായി കൊച്ചിയില്‍ ഒത്തു കൂടിയത്.
സിനിമാതാരത്തിനെതിരെ ഉണ്ടായ അക്രമണം സ്വന്തം വീട്ടിലേക്ക് തന്നെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിക്കുകയാണ്. സിനിമാരംഗത്ത് നിന്ന് ഉള്ള ഒരാൾക്ക് നടന്നുവെന്നതിലുപരി ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ സംഭവിച്ചുവെന്നതാണ് കൂടുതൽ വിഷമം ഉണ്ടാക്കുന്നത്. സംഭവത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുകയാണ്. ഇത്തരത്തിൽ ഇനിയൊരാൾക്കും അനുഭവം ഉണ്ടാകരുതെന്നും കൊച്ചിയിൽ നടന്ന പ്രതിഷേധക്കൂട്ടായ്മയിൽ ദിലീപ് പറഞ്ഞു.
അക്രമിക്കപ്പെട്ട സംഭവം ഒളിച്ചുവെക്കാതെ ബന്ധപ്പെട്ടവരെ അറിയിച്ച സഹപ്രവര്‍ത്തക പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘പ്രതിരോധത്തിന്‍റെ ആ നാളം ഞങ്ങള്‍ ഓരോരുത്തരും ഏറ്റുവാങ്ങുകയാണ്. പൗരുഷം എന്നത് സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിലല്ല. മറിച്ച് അവളെ സംരക്ഷിക്കുന്നതിലാണ്. നീ ഒറ്റയ്ക്കല്ലെന്നും ഒരു വലിയ സമൂഹം ഒപ്പമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.