ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യസേവ; ജീവനക്കാരെ പിടികൂടി

ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യസേവ; ജീവനക്കാരെ പിടികൂടി

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യപാനത്തിനിടയിൽ ദേവസ്വം ബോർഡ് ജീവനക്കാരെ ഭക്തജനങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. ദേവസ്വം ബോർഡ് ജീവനക്കാരായ ശശിധരൻ, രാജേഷ്, അനിൽകുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം മദ്യസേവയിൽ പങ്കെടുത്ത മറ്റ് മൂന്നുപേർ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് സമീപത്തെ ആട്ടപ്പുരയിലാണ് വാച്ചറും വാദ്യമേളക്കാരും അടിച്ചുതളിക്കാരനുമുൾപ്പെട്ട സംഘം മദ്യപിച്ചത്. രാത്രി കാലങ്ങളിൽ ക്ഷേത്രം കേന്ദ്രീകരിച്ച് മദ്യപാനം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചെത്തിയ ഭക്തജനങ്ങൾ ആട്ടപ്പുരയിലാണ് മദ്യപിച്ചുകൊണ്ടിരുന്ന ഇവരെ കണ്ടെത്തിയത്. 6 കുപ്പി ബിയറും ഇവർ കുടിച്ച റമ്മിന്റെ കുപ്പിയും ഗ്ലാസുകളും സിഗററ്റും ഇതിനുള്ളിൽ നിന്ന് കണ്ടെത്തി. നാട്ടുകാർ അറിയിച്ചതനുസരിച്ച് വർക്കല പൊലീസെത്തിയപ്പോഴേക്കും ഇവരുടെ കൂട്ടിലുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു. പിടിയിലായവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയശേഷം കേസെടുത്തു. അറസ്റ്റിലായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.