തൃശൂർ∙ കോസ്റ്റ്ഫോർഡ് ഡയറക്ടർ ടി.ആർ.ചന്ദ്രദത്ത് (75) അന്തരിച്ചു. പുലർച്ചെ 3.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കാൻസറടക്കമുള്ള രോഗങ്ങൾ ബാധിച്ചിരുന്ന ചന്ദ്രദത്ത്, എല്ലാ അവശതകളെയും വെല്ലുവിളിച്ചാണു ജീവിച്ചിരുന്നത്. മൃതദേഹം 12 വരെ തളിക്കുളത്തും അതിനുശേഷം നാലുവരെ കോസ്റ്റ്ഫോർഡിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കും.തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തണ്ടയാൻ വീട്ടിൽ ടി.കെ.രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ് ടി.ആർ.ചന്ദ്രദത്ത്. 1964ലെ പിളർപ്പിനു മുൻപുതന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ടായിരുന്ന ചന്ദ്രദത്ത്, പിതാവ് പാർട്ടിവിട്ടിട്ടും സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമയും അലഹബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ടെക്നോളജി ആൻഡ് എൻജിനീയറിങ്ങിൽ നിന്നു റൂറൽ എൻജിനീയറിങ്ങിൽ പോസ്റ്റ് ഡിപ്ലോമയും പൂർത്തിയാക്കി.താൽക്കാലിക ജോലിക്കൊപ്പം പാർട്ടിപ്രവർത്തനവും തുടർന്ന ചന്ദ്രദത്ത് 1972ൽ ശ്രീരാമ ഗവ. പോളിടെക്നിക്കിൽ അധ്യാപകനായി സർക്കാർ സർവീസിന്റെ ഭാഗമായി. അതോടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു മാറിനിന്നു. 1969 മുതൽ 1972 വരെ സിപിഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ പത്മാവതിക്കും പോളിടെക്നിക് അധ്യാപികയായി ജോലി ലഭിച്ചു. 1998ൽ ശ്രീരാമ ഗവ. പോളിടെക്നിക്കിൽനിന്നു വിരമിച്ചു. ഹിരൺ ദത്ത്, നിരൺ ദത്ത് എന്നിവരാണു മക്കൾ. ഇരുവരും വിദേശത്താണ്.1985ൽ സി.അച്യുതമേനോൻ മുൻകയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്ഫോർഡിന്റെ (സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡവലപ്മെന്റ്) ഡയറക്ടർ സ്ഥാനത്തു തുടക്കംമുതൽ ചന്ദ്രദത്താണ്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയായിരുന്നു കോസ്റ്റ്ഫോർഡിനായുള്ള പ്രവർത്തനം. അയ്യന്തോളിൽ പ്രത്യാശ ട്രസ്റ്റ് എന്ന പേരിൽ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന പകൽവീടിന്റെ അമരക്കാരനും ചന്ദ്രദത്തായിരുന്നു.
കോസ്റ്റ്ഫോര്‍ഡ് ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു
RELATED ARTICLES