തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

citinews

തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആക്രമിക്കപ്പെട്ടത്.വെന്റിലേറ്ററിലായിരുന്ന പെൺകുട്ടിയ്ക്ക് ബുധനാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. സംഭവത്തില്‍ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു പെണ്‍കുട്ടിയോടുള്ള പ്രതികാരം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് അജിന്‍.ഈ മാസം 12നായിരുന്നു. യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് തിരുവല്ല പൊലീസ് പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണം.
നെഞ്ചിൽ ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.