പരിശോധനയില്‍ അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ആദായ നികുതി വകുപ്പ്, വില്‍പ്പന നികുതി വകുപ്പ്, പൊലീസ്, എക്‌സൈസ്, കസ്റ്റംസ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ കോളേജുകളിലെത്തുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോളേജുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്നത് പതിവാണ്. എന്നാല്‍ തനിക്കിത് പുതിയ അറിവാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. ഇതില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏതെങ്കിലും വിധത്തില്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, താനെഴുതിയ വൈ ഐആം എ ഹിന്ദു എന്ന പുസ്തകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്, പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.