ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. 13,000 കോടിയുടെ പിഎന്‍ബി വായ്പത്തട്ടിപ്പിലെ പ്രതിയാണ് നീരവ് മോദി. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടു കടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി.നീരവ് മോദിയെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് 29 വരെ കഴിയേണ്ടി വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്. ഒട്ടകപക്ഷിയുടെ തോല്‍ കൊണ്ടു നിര്‍മിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ ‘ടെലഗ്രാഫ്’ പുറത്തുവിട്ടിരുന്നു. മോദിയുടെ 1,873.08 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നീരവ് മോദിയുടെയും ബന്ധുക്കളുടെയും പേരിലുള്ള 489.75 കോടി രൂപയുടെ മറ്റു സ്വത്തുക്കളും പിടിച്ചെടുത്തു. കൊങ്കണ്‍ മേഖലയിലെ അലിബാഗില്‍ തീരനിര്‍മാണ ചട്ടം ലംഘിച്ചു പണിത മോദിയുടെ ബംഗ്ലാവ് അടുത്തിടെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ന്നിരുന്നു.