പിണറായി സര്‍ക്കാരിന് കീഴില്‍ സ്ത്രീ സുരക്ഷ പൂര്‍ണ്ണമായും അപകടത്തിലായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവല്ലയില്‍ നടുറോഡില്‍ അക്രമി തീ കൊളുത്തിയ യുവതിയുടെ ദാരുണ മരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നിരന്തരം സ്ത്രീകള്‍ അക്രമിക്കപ്പെടുകയാണ്. ഇന്നലെ കൊല്ലത്ത് ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി. ആ പെണ്‍കുട്ടി എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരിയില്‍ ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങള്‍ അരങ്ങ് വാഴുകയാണ്. ഒരു യുവാവിനെ തട്ടിക്കൊണ്ട് പോയി തങ്ങളുടെ മൂക്കിന് താഴെയിട്ട് മര്‍ദ്ധിച്ച് കൊന്നിട്ടും പൊലീസ് കണ്ട ഭാവം നടിച്ചില്ല. അതിന്റെ പിറ്റേ ദിവസം മയക്കുമരുന്ന് മാഫിയ ഒരു യുവാവിനെ തങ്ങളുടെ കൊലക്കത്തിക്കിരയാക്കി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിന് കീഴില്‍ ഭീതിയോടെയാണ് കഴിയുന്നത്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ സ്ത്രീകളെ പച്ചക്ക് കത്തിക്കുന്നതും, തട്ടിക്കൊണ്ട് പോകുന്നതും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.