ധാരാളം പണം കണക്കുകൾ ഇല്ലാത്ത വൻ വ്യവസായ സാമ്രാജ്യവും ഒരു ദിവസം പെട്ടെന്ന് വന്ന് എല്ലാത്തിന്റേയും ഉറവിടവും കണക്കും ചോദിച്ചാൽ എല്ലാം പൂട്ടികെട്ടേണ്ടിവരും.
സിനിമാ നിർമാതാവ്,ഹോട്ടൽ ഉടമ,വ്യവസായി,ശ്രീനാരായണ ധർമ വേദി ചെയർമാൻ,ഒടുവിൽ ചാനൽ ചെയർമാൻ എന്നിങ്ങനെ ഗോകുലം ഗോപാലൻ എത്തിപ്പിടിക്കാത്ത മേഖലകൾ ഇല്ലെന്നതാണ് സത്യം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ. എന്നാൽ ഉടനടി ഗോകുലം ഗോപാലനെ നിലക്ക് നിർത്താൻ ഒരുങ്ങുകയാണ് ബിജെപി സർക്കാർ. ഗോകുലം ഗ്രൂപ്പിന്‍റെ രാജ്യവ്യാപകമായ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന ഗോകുലം ഗോപാലനുള്ള മുന്നറിയിപ്പാണെന്നാണ് മാധ്യമങ്ങൾ സൂചന നൽകുന്നത്.
ധാരാളം പണം കണക്കുകൾ ഇല്ലാത്ത വൻ വ്യവസായ സാമ്രാജ്യവും ഒരു ദിവസം പെട്ടെന്ന് വന്ന് എല്ലാത്തിന്റേയും ഉറവിടവും കണക്കും ചോദിച്ചാൽ എല്ലാം പൂട്ടികെട്ടേണ്ടിവരും. ഇതാണിപ്പോൾ ഗോകുലത്തിന്റെ അവസ്ഥ. കാലാ കാലങ്ങളിൽ വന്ന എല്ലാ സർക്കാരുകളേയും പണം ഒഴുക്കിയും ഹോട്ടൽ താമസം സൗജന്യമായി നല്കിയും, ഹോളീഡേ ടൂറുകൾക്ക് താവളം സൗജന്യമായി നല്കിയും ഒക്കെ മെരുക്കി നിർത്തി ബിസിനസ് വളർത്തിയ ആളാണ് ഗോകുലം ഗോപാലൻ. എന്നാൽ ബിജെപിക്ക് ഈ നക്കാപ്പിച്ചയല്ല വേണ്ടത്. 2019ലെ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കേരളത്തിലേ നല്ലവരായ ഈഴവ സമുദായക്കാരുടെ വോട്ടും, ഫ്ളവേഴ്സ് ചാനൽ വഴിയുള്ള പ്രചരണവും, ബിസിനസിലേ വൻ വിഹിതവും ഒക്കെയായിരുന്നു. മര്യാദക്കു നിന്നില്ലെങ്കിൽ ഇനി ഗോകുലത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നല്കിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു തന്നെ കേരളത്തിൽ എൻഡിഎ മുന്നണി വിപുലമാക്കാൻ ബിജെപി ശ്രമം തുടങ്ങിയിരുന്നു. കേരളത്തിലെ ഹൈന്ദവ വോട്ടുകളെ ഏകീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്എൻഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കി. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മുന്നണി രൂപീകരണമായിരുന്നു ഇത്.ലോകസഭാ തെരഞ്ഞെടുപ്പിൽ സഖ്യം വിജയം കണ്ടു തുടങ്ങിയതോടെ പാർട്ടി രൂപീകരണത്തിലേക്ക് വെള്ളാപ്പള്ളി കടന്നു. മകനെ ചാവേറാക്കി വെള്ളാപ്പള്ളി പാർട്ടിയും രൂപീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേരളത്തിൽ വ്യക്തമായ വോട്ട് നേടുകയും രാജ ഗോപാൽ ജയിക്കുകയും ചെയ്തു.
എന്നാൽ ഇക്കാലയളവിലെല്ലാം എൻഡിഎയും എസ്എൻഡിപിയെയും വളഞ്ഞാക്രമിച്ച വ്യക്തിയായിരുന്നു ഗോകുലം ഗോപാലൻ. സമുദായത്തിൽ നിന്നു കൊണ്ടു തന്നെ സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് അന്ന് ആക്ഷേപം ഉയർന്നത്.
എന്നാൽ തന്‍റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കീഴ്വഴക്കമായിരുന്നു ഗോകുലം ഗോപാലന്. എസ്എൻഡിപി – ബിജെപി സഖ്യത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ഗോകുലം ഗോപാലൻ രംഗത്തെത്തിയത്. ഇത് ബിജെപിക്ക് ചില്ലറ ക്ഷീണമല്ല വരുത്തിയത്. സമുദായത്തിനുള്ളിൽ വ്യക്തമായ വേരോട്ടം ഗോകുലം ഗോപാലനുണ്ട്. വൻ സാമ്പത്തിക സ്രോതസായ ഗോകുലം ഗോപാലൻ എതിരായത് ബിജെപി സഖ്യത്തിന് എന്നും തിരിച്ചടിയായിരുന്നു. പല തവണ അനുനയിപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ബിജെപി നേതൃത്വം ഗോകുലം ഗോപാലനുമായി തെറ്റുന്നത്.
കൊച്ചിയിലെ വ്യവസായികൾ സംയുക്തമായി ചാനൽ തുടങ്ങാൻ ചുക്കാൻ പിടിച്ചത് മൂന്നു വർഷം മുൻപാണ്. ഇതിന്‍റെ തലപ്പത്തെത്താൻ ഗോകുലം ഗോപാലൻ ശ്രമം നടത്തിയെങ്കിലും അന്ന് അതിനു സാധിച്ചില്ല. ഗോകുലം ഗ്രൂപ്പിനു കൊച്ചിയിൽ ചില്ലറയൊന്നുമല്ല ശത്രുക്കൾ. ഇതോടെ ചാനൽ സ്വപ്നം ഗോപാലന് ഉപേക്ഷിക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റിൽ നിന്നും തെറ്റി പിരിഞ്ഞു നിന്ന ശ്രീകണ്ടൻ നായരെ ചാക്കിട്ടു പിടിച്ച് ഗോകുലം ഗോപാലൻ ഫ്ളവേഴ്സ് ചാനൽ തുടങ്ങിയത്. എന്‍റർടെയിൻമെന്‍റ് ചാനലായി തുടങ്ങി വാർത്താ രംഗത്ത് സജീവമാകുകയായിരുന്നു ലക്ഷ്യം. ചാനൽ വിജയമായതോടെ ഗോകുലം ഗോപാലൻ പലർക്കും പേടി സ്വപ്നമായി മാറുകയായിരുന്നു.
ഗോപാലനെ വരച്ച വരയിൽ നിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ പദ്ധതി തയാറാക്കിയിരുന്നു. കേരളത്തിൽ ബിജെപിക്ക് വേരോട്ടം ഉണ്ടാകണമെങ്കിൽ ഈഴവ വോട്ടുകൾ പെട്ടിയിലാകണം. പിന്നോക്ക സമുദായങ്ങളെ കൂടെ നിർത്താതെ ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ സാധിക്കില്ല. ഇതു വ്യക്തമായി അറിയാവുന്ന അമിത്ഷാ- മോദി കൂട്ടുകെട്ട് തന്നെയാണ് ഗോകുലം ഗോപാലൻ എന്ന ശക്തിക്ക് തുരങ്കം വച്ചത്.
ഫ്ളവേഴ്സ് ചാനൽ പൂട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയെങ്കിലും സംസ്ഥാന സർക്കാരിനെ ചാക്കിട്ട് പിടിച്ച ഗോപാലൻ പിടിച്ചു നിന്നു. ഇതോടെയാണ് സംസ്ഥാന സർക്കാരിനെ പോലും വെല്ലുവിളിച്ച് ഗോകുലത്തിന്‍റെ സ്ഥാപനങ്ങിൽ ഇന്ന് പരിശോധനക്ക് തുടക്കമിട്ടത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം ചിറ്റ്‌സ് ആന്‍റ് ഫിനാന്‍സിന്‍റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലടക്കം ഗോകുലം ഗ്രൂപ്പിന്‍റെ എല്ലാ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്‍റെ വസതികളിലും രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്. ചെന്നൈ ആസ്ഥാനമായ ശ്രീഗോകുലം ചിറ്റ്‌സിന്‍റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിലും തമിഴ്‌നാട്ടിലെ വിവിധ ശാഖകളിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 30 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നു. ആദായ നികുതി വകുപ്പിന്‍റെ ചെന്നൈ ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ചെന്നൈ ഡയറക്ടറേറ്റിന്‍റെ നിര്‍ദേശമനുസരിച്ച് കേരളത്തിലെ സ്ഥാപനങ്ങളില്‍ കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
റെയ്ഡിനായി ഗോകുലം സ്ഥാപനങ്ങൾ മാസങ്ങളായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നുവത്രേ. കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള ഇടപെടലാണ് റെയ്ഡിനു പിന്നിലെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.