പണമില്ലാത്ത എടിഎമ്മുകള്‍ ബാങ്കുകള്‍ക്കു തലവേദനയാകുന്നു

atm

പണമില്ലാത്ത എടിഎമ്മുകള്‍ ബാങ്കുകള്‍ക്കു തലവേദനയാകുന്നു. വൈദ്യുതി, വാടക ഇനത്തില്‍ കോടികളാണ് എടിഎമ്മുകള്‍ക്കായി ബാങ്കുകള്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്നതു. കേരളത്തിൽ 9093 എടിഎമ്മുകൾ ഉള്ളതിൽ 3096ഉം എസ്ബിഐയുടേതാണ്. ഇവയില്‍ 10 ശതമാനത്തിലേ ആവശ്യത്തിന് പണമുള്ളൂ. എണ്ണായിരത്തിലേറെയും നോക്കുകുത്തിയാണ്. ഒരു എടിഎമ്മിന് എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെയാണ് വാടക. എസി ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതിയിനത്തില്‍ 10,000മുതല്‍ 14,000 രൂപവരെയും അടയ്ക്കുന്നുണ്ട്.

പ്രവര്‍ത്തിക്കാത്ത എടിഎമ്മുകള്‍ക്കെല്ലാമായി 11.20 കോടി രൂപ വൈദ്യുതി നിരക്കിനത്തില്‍ മാത്രം മാസം നഷ്ടപ്പെടുത്തുന്നു. ബാങ്കുകള്‍ക്ക് ധനനഷ്ടത്തിനൊപ്പം കാലിയായ എടിഎമ്മുകള്‍ തുറന്നുവയ്ക്കുന്നതിലൂടെ കോടികളുടെ വൈദ്യുതിയും പാഴാകുന്നു. നോട്ട് നിരോധനത്തിനുശേഷമുള്ള അഞ്ചുമാസത്തെ മാത്രം കണക്കെടുത്താല്‍ കാലിയായ എണ്ണായിരം എടിഎമ്മുകള്‍ അടച്ചിരുന്നെങ്കില്‍ ബാങ്കുകള്‍ക്ക് 56 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാകുമായിരുന്നു.
സമ്പൂര്‍ണബാങ്കിങ് സംസ്ഥാനമായ കേരളത്തില്‍ ഒരു അക്കൌണ്ടെങ്കിലുമില്ലാത്തവര്‍ വിരളമാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍, ശമ്പളം, മറ്റു പെന്‍ഷനുകള്‍ എല്ലാം ലഭിക്കുന്നത് ബാങ്ക് മുഖേനയാണ്. ഇവരെല്ലാം ആശ്രയിച്ചിരുന്ന എടിഎം കാലിയായതോടെ ബാങ്കില്‍ പണത്തിന് എത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. ജീവനക്കാരുടെ ജോലിഭാരവും കൂടി.

എല്ലാത്തിനും പഴി കേള്‍ക്കേണ്ടിവരുന്നത് ബാങ്ക് ജീവനക്കാരാണ്. ഇനിയും എത്രനാള്‍ ഇതേ സ്ഥിതിയെന്നാണ് ബാങ്കിങ് മേഖലയിലുള്ളവരും ഇടപാടുകാരും ചോദിക്കുന്നത്. മാര്‍ച്ച് മധ്യത്തോടെയാണ് എടിഎമ്മുകളും ബാങ്കുകളുമെല്ലാം വീണ്ടും കാലിയായിത്തുടങ്ങിയത്. ധന ഇടപാടുകള്‍ താറുമാറായിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ തയാറാവുന്നില്ല.