Friday, December 13, 2024
HomeKeralaശക്തമായ കാറ്റിനും മിന്നലിനും സാധ്യത; ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഏപ്രില്‍ 24 വരെ  ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും,  മിന്നലിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് അറിയിച്ചു.  
 മഴയോട് അനുബന്ധിച്ച് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം).  ഇടിമിന്നല്‍ മൂലം മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാല്‍ ജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ ജാഗ്രത പുലര്‍ത്തണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
 ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കണം.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മഴക്കാറ് കാണുമ്പോള്‍ ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ  പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം.
ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. വീടിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്താന്‍ പാടില്ല.  
ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ, കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്. നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments