Saturday, December 14, 2024
HomeKeralaഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; ആലുവ തോട്ടപ്പടി സ്വദേശി പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; ആലുവ തോട്ടപ്പടി സ്വദേശി പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. ശനിയാഴ്ച രാവിലെ ക്ഷേത്രം ഓഫീസിലെ ലാന്റ് ഫോണിലേക്കാണ് സന്ദേശമെത്തിയത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ത്വരിതപ്പെടുത്തുകയും ആലപ്പുഴ പോലീസിന്റെ സഹായവും തൃശൂര്‍ പോലീസ് തേടി. ശനിയാഴ്ച രാവിലെ 8.15 നു ക്ഷേത്രം ഓഫിസിലെ ലാൻഡ് ഫോണിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് വിളി വന്നതെന്ന് കണ്ടെത്തിയിരുന്നു. ആലുവ തോട്ടപ്പടി സ്വദേശി ജോസഫ് സംഭവത്തോടുള്ള ബന്ധത്തിൽ പിടിയിലായി.

കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട പോലെയായിരിക്കും സ്‌ഫോടനമെന്നും ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞു. ക്ഷേത്രം ഓഫീസിലേക്ക് വിളിച്ചയാള്‍ ധീവരസഭ തീവ്ര ഗ്രൂപ്പില്‍പ്പെട്ട വ്യക്തിയാണെന്നാണ് പരിചയപ്പെടുത്തിയത്.

രാജീവ് ഗാന്ധി കൊല്ലപ്പെടാന്‍ കാരണമായ സ്‌ഫോടനം നടത്തിയത് ഒരു സ്ത്രീ ആയിരുന്നു. അദ്ദേഹത്തെ കാല്‍ തൊട്ട് വന്ദിച്ച ശേഷം അരയില്‍ കരുതിയ ബോംബ് പൊട്ടിക്കുകയാണ് ചെയ്തത്. ഇതേ മാതൃകയില്‍ ഗുരുവായൂര്‍ ക്ഷേത്രവും തകര്‍ക്കുമെന്നാണ് ഭീഷണി. ഒരു സ്ത്രീയെ ഉപയോഗിച്ചായിരിക്കും ബോംബ് പൊട്ടിക്കുകയെന്നും ഭീഷണിയില്‍ പറയുന്നു.

മാനേജര്‍ ടിവി കൃഷ്ണദാസാണ് ഫോണെടുത്തത്. ഭീഷണി സന്ദേശത്തെ കുറിച്ച് അദ്ദേഹം ഉടനെ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ക്കും പോലീസിനും വിവരം കൈമാറി. തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ നടത്തി. സുരക്ഷ ശക്തമാക്കിയിരുന്നു.

തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡും പോലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

2015ലും സമാനമായ രീതിയില്‍ ഭീഷണിയുണ്ടായിരുന്നു. ബോംബിട്ട് ക്ഷേത്രം തകര്‍ക്കുമെന്നായിരുന്നു അന്ന് ഭീഷണിപ്പെടുത്തല്‍. 2015 ജൂലൈലായിരുന്നു ഇത്. 24 മണിക്കൂറിനകം ക്ഷേത്രം തകര്‍ക്കുമെന്ന് സിഐയുടെ ഫോണിലേക്കാണ് വിളി വന്നത്. പക്ഷേ ഈ സന്ദേശം വ്യാജമായിരുന്നു. എന്നാല്‍ ശക്തമായ സുരക്ഷ ഒരുക്കുകയും വ്യാപകമായ തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും അന്ന് സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടുത്തിടെ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. അത്യാധുനിക സിസിടിവി കാമറ സംവിധാനം സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. മുമ്പ് പോലീസ് പിടിയിലായിട്ടുള്ളവരെ തിരിച്ചറിയാന്‍ ശേഷിയുള്ള സിസിടിവിയാണ് സ്ഥാപിക്കുക.

പോലീസ് പിടിയിലായ മോഷ്ടാക്കളും ക്രിമിനലുകളും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ സാധിക്കുന്ന സംവിധാനമാണ് ഘടിപ്പിക്കുക. രാജ്യത്ത് ഈ സംവിധാനം മറ്റൊരു ക്ഷേത്രത്തിലുമില്ല. ഇതിനായി 5 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

മൂന്ന് മാസത്തിനകം ഈ കാമറകള്‍ ക്ഷേത്രത്തില്‍ ഘടിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഏഴടി വീതിയും നാലടി ഉയരവുമുള്ള വീഡിയോ വാള്‍ വഴി തല്‍സമയ നിരീക്ഷണ സംവിധാനമൊരുക്കും. ക്ഷേത്രത്തില്‍ നല്ല തിരക്കുള്ള സമയം കുട്ടികളൈയും മറ്റും കാണാതായാല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments