രാജ്യത്ത് ആർഎസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കാശ്മീരും പാക്കിസ്ഥാനിലാകുമായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയിലാണ് ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയുണ്ടായത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടു മാസം പ്രായമുള്ള യുപി സർക്കാർ ഗംഗയുടെയും പശുവിന്റെയും സംരക്ഷണത്തിനു മാത്രമാണ് മുൻഗണന നൽകുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആര്‍എസ്എസ് കേവലം ഒരു സംഘടന മാത്രമാണ്. രാഷ്ട്രീയത്തിൽ ഇടപെടാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെ വിമർശിക്കുന്നത് തെറ്റാണ്. സര്‍ക്കാരില്‍നിന്നും ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസെന്നും യോഗി പറഞ്ഞു. 64,000ത്തില്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സംഘടനയാണ് ആര്‍എസ്എസ്. ഈ സംഘടന ഇല്ലായിരുന്നെങ്കില്‍ സ്കൂളുകളില്‍ വന്ദേമാതരം പാടുന്നത് ജനങ്ങള്‍ മറന്നു പോകുമായിരുന്നു. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയമസഭയില്‍ സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്നും യോഗി ചോദിച്ചു.