മുംബൈ ഇന്ത്യൻസിന് ഇന്ന് നിർണായക മത്സരം

ipl

ഇന്ന് ഡൽഹിക്കെതിരെ മുംബൈക്ക് നിർണായക മൽസരം പ്ലേ ഓഫിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മുംബൈ ഇനി കടക്കേണ്ടത് ഒരു കടമ്ബ കൂടിയാണ്. ഇന്ന് ഡല്‍ഹിയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയം നേടാനായാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ മുംബൈയ്ക്ക് വിജയം നേടാം. എന്നാല്‍ ഡല്‍ഹിയെ ചെറുതായിക്കാണുവാന്‍ മുംബൈയ്ക്കാവില്ല. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ തറപറ്റിച്ചാണ് ഡല്‍ഹി മുംബൈയെ നേരിടുവാന്‍ എത്തുന്നത്.ഐപിഎലില്‍ ഇതിനു മുമ്ബും പല സീസണുകള്‍ മുംബൈ ഇത് പോലെ അത്ഭുതങ്ങള്‍ കാണിച്ച്‌ പ്ലേ ഓഫില്‍ കടക്കുകയും കപ്പുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ എട്ട് മത്സരങ്ങളില്‍ വെറും രണ്ടെണ്ണം വിജയിച്ച മുംബൈ അവിടെ നിന്ന് പിന്നീട് കാര്യങ്ങള്‍ മാറ്റി മറിയ്ക്കുകയായിരുന്നു. ഇന്നത്തെ വിജയം ഉറപ്പിക്കാനായാല്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാനാകും.പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണെങ്കിലും ഡല്‍ഹിയെ വിലക്കുറച്ച്‌ മുംബൈ കണ്ടാല്‍ അത് അപകടമാണ്. വെറും നാല് മത്സരങ്ങള്‍ മാത്രം വിജയിച്ച ഡല്‍ഹി കഴിഞ്ഞ മത്സരത്തില്‍ വീഴ്ത്തിയത് ചെന്നൈയെ ആണെന്നത് തന്നെ ടീമിന്റെ കരുത്ത് തെളിയിക്കുന്നു. ബാറ്റിംഗില്‍ യുവതാരങ്ങളും ബൗളിംഗില്‍ അമിത് മിശ്രയെന്ന വെറ്ററന്‍ താരവുമാണ് ടീമിന്റെ രക്ഷയ്ക്ക് എത്തുന്നത്.തന്റെ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കുവാനുള്ള ശ്രമവുമായി ഋഷഭ് പന്ത് തന്നെയാവും ഡല്‍ഹി ബാറ്റിംഗിന്റെ നെടുംതൂണ്. ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചാല്‍ മുംബൈ ക്യാമ്ബില്‍ പരിഭ്രാന്തി പരത്തുവാന്‍ അത് മതിയാവും. മാക്സ്വെല്ലിന്റെ ഫോമില്ലായ്മയാണ് ടീമിന്റെ ദൗര്‍ഭല്യം.ബൗളിംഗില്‍ സ്പിന്‍ കരുത്തിനെയാണ് ഡല്‍ഹി ആശ്രയിക്കുന്നത്. അമിത് മിശ്രയും നേപ്പാള്‍ യുവതാരം സന്ദീപ് ലാമിച്ചാനെയും ഫോമിലേക്ക് ഉയര്‍ന്നാല്‍ മുംബൈ ക്യാമ്ബില്‍ അത് തീര്‍ച്ചയായും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കും.സൂര്യകുമാര്‍ യാദവിനെ ഏറെ ആശ്രയിക്കുന്ന മുംബൈ ബാറ്റിംഗിനു ആശ്വാസമായി കീറണ്‍ പൊള്ളാര്‍ഡ് കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്കെത്തി. ജസ്പ്രീത് ബുംറയാണ് ബൗളിംഗ് നെടുംതൂണ്‍. പാണ്ഡ്യ സഹോദരന്മാരും നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കാറുണ്ട്. മത്സരത്തില്‍ വിജയം നേടുവാന്‍ മുംബൈയ്ക്ക് ഇനി വേണ്ടത് എവിന്‍ ലൂയിസില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയില്‍ നിന്നുമൊരു തകര്‍പ്പന്‍ പ്രകടനമാണ്.