കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ നേതൃത്വം പി.ജെ ജോസഫ് പിടിച്ചെടുത്തു

pj joseph

പാര്‍ട്ടി ഭരണഘടനയിലെ അധികാരങ്ങള്‍ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ നേതൃത്വം പി.ജെ ജോസഫ് പിടിച്ചെടുത്തു. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന സമതി വിളിച്ചു കൂട്ടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ചുമതലകള്‍ തന്നില്‍ നിക്ഷിപ്തമാണന്ന് ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ ആദ്യം ഇതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ അതിന്‍റെ ആവശ്യം ഇല്ലന്ന് പി.ജെ വ്യക്തമാക്കി. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് വോട്ടെടുപ്പിലൂടെയാണന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സി.എഫ്.തോമസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാകും. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യുട്ടി ലീഡറെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് വ്യക്തമാക്കുന്നു.

ജോസ് കെ. മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്ന നിലപാട് ജോസഫും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും മുന്നോട്ടു വയ്ക്കുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ ജോസഫാണന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായിട്ടാണ് സൂചന. അതിനാല്‍ ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടി വിട്ട് പോകാന്‍ സാധിക്കില്ല.ഇത് മനസിലാക്കിയാണ് പി.ജെ ജോസഫിന്‍റെ നീക്കം. ഇതിനെതിരെ റോഷി അഗസ്റ്റിന്‍ രംഗത്തുവന്നിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സ് ഭരണഘടന അനുസരിച്ച് പാര്‍ട്ടി ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി വേണം എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.

അതനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏതെങ്കിലും ഒരു നേതാവിന്‍റെ വ്യക്തിപരമായ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയില്‍ ചെയര്‍മാനെ തെരെഞ്ഞെടുക്കേണ്ടതെന്ന് പി.ജെ യുടെ പ്രസ്താവനയ്ക്ക് മറുപടിയായി റോഷി പറയുന്നു.മാണിസാറിന്‍റെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ലന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗം കൂടിയായ റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.