മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്ക


വാഷിംഗ്ടണ്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് ഞായാറാഴ്ച പുതിയ താക്കീതുമായി അമേരിക്ക എത്തിയത്.

”ഹോംഗോങ്ങില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചൈന വെല്ലുവിളി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകര്‍ ഫ്രീ പ്രസ് അംഗങ്ങളാണ് അല്ലാതെ പ്രചാരണ സംഘമല്ല”,
യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

വംശീയമായ ലേഖനം കൊടുത്തെന്നാരോപിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകരെ ചൈന പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ അമേരിക്ക ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കിടയിലും പലവിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ലോക വ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡിന്റെ പേരിലും ഇരുരാജ്യങ്ങളും തര്‍ക്കിച്ചിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന വാദം ട്രംപ് നിരന്തരം മുന്നോട്ട് വെച്ചിരുന്നു.

അതേസമയം, കൊവിഡിനെ നേരിടുന്നതില്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൈന പറഞ്ഞിരുന്നു. അമേരിക്കയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ചൈന വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു.