രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച പകല്‍ 11ന് ആരംഭിക്കും. പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിൽ എണ്ണും. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തേക്കാള്‍ ഒന്ന് കൂടുതല്‍ കിട്ടുന്ന സ്ഥാനാര്‍ഥിയാണ് ജയിക്കുക. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് 63 ശതമാനംവരെ വോട്ട് ലഭിച്ചേക്കാം. പ്രതിപക്ഷ പാര്‍ടികളുടെ സംയുക്ത സ്ഥാനാര്‍ഥി മീരാകുമാറുമാണ് എതിരാളി. ഇലക്ടറല്‍ കോളേജിലെ വോട്ടുകളുടെ മൊത്തം മൂല്യം 10,98,903 ആണ്. ആകെയുള്ള 771 എംപിമാരില്‍ 768 പേരും 4109 എംഎല്‍എമാരില്‍ 4083 പേരും വോട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തില്‍ കനത്ത സുരക്ഷയിലാണ് ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്നത്. ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് വരണാധികാരി.