ദിലീപിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടിമുടി പിടിച്ചു കുലുക്കുന്നു

dileep under custody

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടിമുടി പിടിച്ചു കുലുക്കുന്നു. ദിലീപിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം മലയാള സിനിമയിലെ ഹവാല ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകും.
ദിലീപ് ഒടുവില്‍ അഭിനയിച്ച 14 ചിത്രങ്ങളില്‍ 9 എണ്ണവും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നിട്ടും മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ ഇദ്ദേഹം സമാഹരിച്ച സ്വത്തുക്കള്‍ ഏറെയാണ്. വാങ്ങിയ വസ്തുക്കളില്‍ മിക്കതും കനത്തവിലയുള്ള പ്രദേശങ്ങളും.
താരസംഘടനയായ അമ്മയ്ക്കു വേണ്ടി പണം സമാഹരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് ദിലീപാണ്. ദിലീപ് അഭിനയിച്ച സിനിമകളുടെ കരാര്‍രേഖകളടക്കം കേന്ദ്ര ഏജന്‍സികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിലെ വരവും ഇദ്ദേഹത്തിന്റെ ആസ്തിയും താരതമ്യംചെയ്യും.
ഹവാല കേന്ദ്രമായ ദുബായിയിലേയ്ക്ക് അധിക താല്‍പ്പര്യത്തോടെ മലയാള സിനിമ തിരിഞ്ഞത് അഞ്ചു വര്‍ഷം മുന്‍പാണ്. ഹവാല ലോബിയുടെ പണം വെളുപ്പിക്കല്‍ മലയാള സിനിമയില്‍ സജീവമാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു.
സംശയത്തിന്റെ നിഴലിലുള്ളവരെ അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചേക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള സിനിമകളുടെ പണമിടപാടുകളും മറ്റും അന്വേഷണ ഏജന്‍സി വിശദമായ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ ഹവാല ബന്ധങ്ങളുണ്ടോ തുടങ്ങി കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
അതേസമയം, സിനിമാ മേഖലയിലെ ഹവാല ഭൂമി ബിനാമി ബന്ധങ്ങളെക്കുറിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.