Thursday, March 28, 2024
HomeKeralaഎം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയ കേരള ബിജെപി ഗ്രൂപ്പ് കളികൾ

എം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയ കേരള ബിജെപി ഗ്രൂപ്പ് കളികൾ

മെഡിക്കൽ കോളേജ് കോഴയിലൂടെ പുറത്ത് വരുന്നത് കേരള ബിജെപിയിലെ രൂക്ഷമായ ഭിന്നത. അടുത്ത സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരാളായി കണക്കാക്കപ്പെടുന്ന ജനറൽ സെക്രട്ടറി എം.ടി രമേശിനെ അഴിമതി ആരോപണത്തിൽ കുരുക്കിയതും ഇതേ ഗ്രൂപ്പ് കളികൾ തന്നെ. അതീവ രഹസ്യമായി പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് തന്നെയാണ് ചോർന്നത് എന്നാണ് റിപ്പോർട്ടുകൾ. എം.ടി രമേശിന്റെ വിശ്വസ്തനാണ് ഇപ്പോൾ ആരോപണവിധേയനായ ആർ.എസ് വിനോദ്. വിനോദ് അഞ്ചരക്കോടി ഹവാല പണം വാങ്ങി ഡൽഹിയിലുള്ളയാൾക്ക് കൈമാറിയെന്നാണ് ബിജെപി തന്നെ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എം.ടി രമേശ് പാലക്കാട് ചെർപ്പുളശേരിയിലെ കേരള മെഡിക്കൽ കോളേജിന് അനുമതി വാങ്ങി നൽകുന്നതിനായി കോടികൾ കോഴ വാങ്ങിയെന്നാണ് ബിജെപി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. എം.ടി രമേശിനെ ഒതുക്കാൻ ബിജെപിയിലെ ഒരു വിഭാഗം നടത്തുന്ന നീക്കമാണ് രമേശിന്റെ പേരുൾപ്പെട്ട റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നതിന് പിന്നിൽ എന്നാണ് സൂചന. ആർ.എസ്.എസ് നോമിനിയായി കുമ്മനം ബിജെപി തലപ്പത്ത് എത്തിയതിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

അഴിമതിയിൽ മനം മടുത്ത് കുമ്മനം രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. എന്നാൽ കുമ്മനത്തെ പെട്ടെന്ന് മാറ്റുന്നതിനോട് ആർ.എസ്.എസ് നേതൃത്വത്തിന് താല്പര്യമില്ല. കുമ്മനത്തെ അനുനയിപ്പിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് സംസ്ഥാന നേതൃത്വത്തിൽ അഴിച്ച് പണി നടത്താനാവും ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുക. അതേ സമയം രാജി വയ്ക്കാനില്ലെന്ന് എം.ടി രമേശും ആർ.എസ് വിനോദും വ്യക്തമാക്കിയിട്ടുണ്ട്. പവർ ബ്രോക്കർ എന്ന നിലയിൽ തന്റെ പണിയാണ് താൻ ചെയ്തതെന്നാണ് വിനോദ് അന്വേഷണ കമ്മീഷനോട് പറഞ്ഞത്.

വി.മുരളീധരനും പി.കെ.കൃഷ്ണദാസും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന ശീതസമരം ഇനി പരസ്യമായ പോരായി മാറും. കുമ്മനം രാജശേഖരനെ പ്രസിഡന്റായി കൊണ്ടുവരുന്നതിൽ മുരളീധരന് പങ്കുണ്ടായിരുന്നെങ്കിലും കുമ്മനത്തിന്റെ പോക്കിൽ മുരളീധരൻ ഒട്ടും തൃപ്തനല്ല. കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് മുരളീധരൻ പക്ഷം ശ്രമിക്കുന്നത്. കൃഷ്ണദാസ് പക്ഷത്തിന്റെ നോമിനിയാണ് രമേശ്. രമേശിന്റെ രാഷ്ട്രീയഭാവിയിൽ ഈ ആരോപണം കനത്ത ഇരുൾ വീഴ്ത്തിയതായാണ് ബി.ജെ.പി നേതൃത്വം പൊതുവേ കരുതുന്നത്.

കേരളത്തിൽ അധികാരം പിടിക്കുമെന്ന് ആവർത്തിച്ച് പറയുകയും പുതുതായി പണി കഴിപ്പിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രിക്ക് ഓഫീസ് പണിഞ്ഞു കാത്തിരിക്കുകയും ചെയ്യുന്ന ബിജെപിയുടെ പാർലമെന്ററി മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മെഡിക്കൽ കോളേജ് കോഴ ആരോപണം. തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും സംസ്ഥാനത്തു നിന്ന് ഇല്ലാത്ത അവസ്ഥയിൽ ഇതാണ് സ്ഥിതിയെങ്കിൽ കൂടുതൽ സ്ഥാനങ്ങൾ ലഭിച്ചാൽ എന്താകും അവസ്ഥയെന്നാണ് ബി.ജെ.പി അനുഭാവികൾ പോലും ചോദിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments