Thursday, March 28, 2024
HomeTop Headlinesഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ജയലളിതയും യുപിയില്‍ മായാവതിയും ഡല്‍ഹിയില്‍ ഷീല ദീക്ഷിത്തും. ഇന്ത്യന്‍ രാഷ്ട്രീയനഭസിലെ നാല് വനിതാ നേതാക്കള്‍. ഇതില്‍ ഭരണമികവു കൊണ്ടും വികസന നേട്ടങ്ങള്‍ക്കൊണ്ടും ഒന്നാം പേരുകാരിയായി റാങ്ക് ചെയ്യപ്പെടുക ഷീല ദീക്ഷിത്തായിരിക്കും.

സൗമ്യശീല. പക്ഷേ ഉറച്ച തീരുമാനങ്ങള്‍ക്ക് മടിയില്ലാത്ത മനസ്സിന്റെ ഉടമ. ഷീല ദിക്ഷിത്തിന്റെ 15 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി അടിമുടി മാറി. മദന്‍ലാല്‍ ഖുറാന മുഖ്യമന്ത്രിയായിരിക്കെയാണ് ഡല്‍ഹി മെട്രോ എന്ന സ്വപ്‌നത്തിന് ശില പാകിയത്. പക്ഷേ നിര്‍മ്മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ്. ഇന്ന് മെട്രോ സര്‍വീസില്ലാത്ത ദിനം ഡല്‍ഹിക്കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. റോഡുകളും ഫ്‌ളൈ ഓവറുകളും ഒക്കെയായി ഡല്‍ഹിയുടെ മുഖഛായ തന്നെ മാറ്റിയ അടിസ്ഥാന സൗകര്യമേഖലയിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഷീല ദീക്ഷിത്തിന്റെ ഭരണകാലമായിരുന്നു.രാഷ്ട്രീയത്തിലെത്തിയത് മുതല്‍ മരിക്കുന്നത് വരെ അവര്‍ തികഞ്ഞ കോണ്‍ഗ്രസുകാരിയായിരുന്നു. പലരും പല പാര്‍ട്ടികളില്‍ അഭയം പ്രാപിച്ചിട്ടും ഷീല അടിയുറച്ച കോണ്‍ഗ്രസുകാരിയായി നിലകൊണ്ടു. എക്കാലവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ത. മികച്ച ഭരണാധികാരി. തുടര്‍ച്ചയായി മൂന്നു തവണ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയും മുഖ്യമന്ത്രി പദവി അലങ്കരിക്കുകയും ചെയ്തു. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അവര്‍. ഗോള്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് അവര്‍ വിജയിച്ചത്. ജനങ്ങളുടെ നേതാവായിരുന്നു അവര്‍.

ഡല്‍ഹി കോണ്‍ഗ്രസിലെ അവസാന വാക്കായിരുന്നു ഷീല ദീക്ഷിത്. നരസിംഹ റാവു യുഗത്തിന് ശേഷം സോണിയ ഗാന്ധിയിലേക്ക് കോണ്‍ഗ്രസിന്റെ ബാറ്റണ്‍ എത്തുമ്ബോള്‍ അവരുടെ വലംകൈയായിരുന്നു ഷീല. അതാണ് അപ്രതീക്ഷിതമായി അവരെ മുഖ്യമന്ത്രി പദത്തിലേക്ക് 98 ല്‍ എത്തിച്ചതും.

നിര്‍ഭയ സംഭവവും ലോക്പാല്‍ സമരവും തീര്‍ത്ത അലയൊലികളാണ് ഷീലായുഗത്തിന് ഡല്‍ഹിയില്‍ അന്ത്യം കുറിച്ചത്. അതിന് ശേഷം പ്രധാന പദവികളില്‍ നിന്ന് അവര്‍ മാറിനിന്നു. 2016-ല്‍ യുപിയിലേക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിയോഗിക്കപ്പെട്ടെങ്കിലും ദുര്‍ബലമായ കോണ്‍ഗ്രസിന് അവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല.

1938 മാര്‍ച്ച്‌ 31 ന് പഞ്ചാബിലെ കപൂര്‍ത്തലയില്‍ ജനിച്ച ഷീല ദീക്ഷിത് ന്യൂഡല്‍ഹിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. യങ് വുമണ്‍സ് അസോസിയേഷന്‍ ചെയര്‍ പേഴ്‌സണായിരിക്കെ ഡല്‍ഹിയില്‍ വനിതകള്‍ക്കായി രണ്ട് ഹോസ്റ്റല്‍ സ്ഥാപിച്ചു. യാദൃച്ഛികമായാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാശങ്കര്‍ ദീക്ഷിത്തിന്റെ മരുമകളായി എത്തിയതോടെയാണ് അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി അവരുടെ ഭരണമികവ് തിരിച്ചറിഞ്ഞ് വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് യുഎന്നിലേക്ക് പ്രതിനിധിയായി അയച്ചു.

1984-ല്‍ യുപിയിലെ കനൗജില്‍നിന്നാണ് അവര്‍ ആദ്യമായി ലോക്‌സഭയിലേക്ക് ജയിച്ചത്. 1986 മുതല്‍ 89 വരെ കേന്ദ്രസഹമന്ത്രിയായി പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി. 2003-ല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെയാണ് അവരെ കേരള ഗവര്‍ണറായി നിയമിച്ചത്. അതിനിടെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ അവരുടെ പേര് ഉയര്‍ന്നുവന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവരെ ഡല്‍ഹി പിസിസി അധ്യക്ഷയായി നിയോഗിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന് ലോക്‌സഭയിലേക്ക് ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിലും നാലിടത്ത് രണ്ടാമതെത്താന്‍ കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റില്‍ മത്സരിച്ചെങ്കിലും മനോജ് തിവാരിയോട് ഷീല പരാജയപ്പെട്ടു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജീവമാക്കുന്ന ചുമതലയുമായി പ്രവര്‍ത്തിക്കവെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അവരെ തേടിയെത്തിയത്. മരണ വിവരമറിഞ്ഞ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത് പോലെ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട മകളായിരുന്ന ഷീല.

പരേതനായ വിനോദ് ദീക്ഷിത്താണ് ഷീല ദീക്ഷിത്തിന്റെ ഭര്‍ത്താവ്. മുന്‍ എംപി കൂടിയായ സന്ദീപ് ദീക്ഷിത്ത് മകന്‍. ലതിക ലതിക ദീക്ഷിത് സയിദ് മകളാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments