Friday, March 29, 2024
HomeKeralaപ്രളയക്കെടുതിയിൽ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍...

പ്രളയക്കെടുതിയിൽ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍…

പേമാരിയിലും പ്രളയത്തിലും വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായി. അതോടൊപ്പം 28 സബ് സ്‌റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിറുത്തി വയ്‌ക്കേണ്ടി വന്നു. പുറമെ 5 ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകരുകയും ചെയ്തു. വൈദ്യുതി ബോര്‍ഡിന് ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. വൈദ്യുതി വിതരണ മേഖലയില്‍ പതിനായിരം ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത് വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇപ്പോളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.വൈദ്യുതി വിതരണ സംവിധാനം തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുനരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുന:സ്ഥാപിക്കും. തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിച്ച്‌ നടപ്പിലാക്കാന്‍ ‘മിഷന്‍ റീകണക്‌ട്’ എന്ന പേരില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും. കൂടാത കല്പറ്റ, തൃശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്ബാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്‌ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും, പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്‌ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനവും ലഭ്യമാക്കും. അതോടൊപ്പം തമിഴ്നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരെയും ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കമുള്ള സാധനങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍.ടി.പി.സി, റ്റാറ്റാ പവര്‍, എല്‍ & ടി, സീമന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിന് മുമ്ബായി വയറിംഗ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച്‌ അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷന്‍ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കും. ഇക്കാര്യത്തില്‍ ഇലക്‌ട്രീഷ്യന്‍മാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാന്‍ പ്രാദേശികമായ ഇടപെടല്‍ അത്യാവശ്യമാണ്. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പെടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താല്‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ച്‌ നല്‍കും. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്ബുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്ന ജോലികള്‍ക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകള്‍കുടിവെള്ള പമ്ബിംഗ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന്‍ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍ഗണനയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിട്ടുള്ളത്. വൈദ്യുതി വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വൈദ്യുതി ബോര്‍ഡും ജീവനക്കാരും അവധി ദിവസങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാകും ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ വേളയില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments