കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കുമെന്ന് റിപ്പോർട്ട്

income tax

എല്ലാ കമ്പനികള്‍ക്കുമുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കുമെന്ന് റിപ്പോർട്ട് . ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തില്‍ ഇതടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കൈമാറി. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സര്‍ച്ചാര്‍ജുകളും എടുത്തുകളയാനും സമിതി നിര്‍ദേശിച്ചതായാണ് സൂചന.രാജ്യത്തെ കമ്പനികള്‍ക്ക് നിലവില്‍ 30 ശതമാനവും വിദേശകമ്പനികള്‍ക്ക് 40 ശതമാനവുമാണ് നിലവില്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഈടാക്കുന്നത്. ഇതിനുമേല്‍ നാലു ശതമാനം ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസും നല്‍കണം. 60 വര്‍ഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് 2017ലാണ് കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനല്‍കുകയായിരുന്നു.