സിനിമാ ചിത്രീകരണത്തിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയ നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട 30 അംഗ മലയാളി സംഘം കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രി സാറ്റ്‌ലൈറ്റ് ഫോണ്‍ വഴി മഞ്ജുവുമായി സഹോദരൻ സംസാരിച്ചിരുന്നു.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ്, നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട മുപ്പതംഗ മലയാളി സംഘം ഹിമാചലിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിലോമീറ്റര്‍ ദൂരെയുള്ള ഛത്രുവിലെത്തിയത്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുളു – മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറിയാണ് ഛത്രു താഴ്വാര. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. കഴിഞ്ഞ ദിവസം മുതല്‍ ഹിമാചല്‍ പ്രദേശില്‍ കനത്തമഴ പെയ്യുകയാണ്.
മഴയെത്തുടര്‍ന്ന് ഹിമാചലിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പലയിടത്തും വെള്ളം കയറി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഏതാണ്ട് 47 പേര്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം മരിച്ചു. യമുനാ നദി പരമാവധി പരിധിയായ 205.3 മീറ്റര്‍ മറികടന്ന് 205.94 മീറ്റര്‍ വാട്ടര്‍ ലെവലിനാണ് ഒഴുകുന്നത്. യമുനയില്‍ ഇനിയും വെള്ളമുയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്ര മന്ത്രി വി.മുരളീധരനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മഞ്ജുവിന്റെ സഹോദരൻ മധു മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് മഞ്ജുവും സംഘവും കുടുങ്ങിയിരിക്കുന്നത്.