ഇന്ത്യൻ വ്യോമസേനയിൽ 44 വർഷം പഴക്കമുള്ള വിമാനങ്ങൾ ഉപയോഗിക്കുന്നു: വ്യോമസേനാ മേധാവി ധനോവ

fighter plane

ഇന്ത്യൻ വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നത് 44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങളാണെന്നും രാജ്യത്ത് ഇത്രയും പഴക്കമുള്ള കാറുകൾ പോലും ആരും ഉപയോഗിക്കുന്നില്ലെന്നും വ്യോമസേനാ മേധാവി ബി.എസ്.ധനോവ പറഞ്ഞു. പാകിസ്ഥാൻ അമേരിക്കൻ നിർമിത അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ അഭിവാജ്യ ഘടകമായി ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌താവന നടത്തുമ്പോൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വേദിയിലുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

റഷ്യൻ നിർമിത മിഗ് 21 വിമാനങ്ങൾ ഉപയോഗിക്കുന്നത് ഈ വർഷം തന്നെ സൈന്യം നിറുത്തുമെന്നും ധനോവ വ്യക്തമാക്കി. ഈ സെപ്‌തംബറിൽ താൻ മിഗ് വിമാനത്തിന്റെ അവസാന പറക്കൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം നിർമിച്ച റഷ്യ പോലും ഇപ്പോൾ മിഗ് 21നെ ഉപയോഗിക്കുന്നില്ല. എന്നാൽ തദ്ദേശീയമായി നിർമിച്ച പാർട്സുകൾ കൊണ്ടാണ് ഇന്ത്യ ഇത്രയും നാൾ മിഗ് 21 ഉപയോഗിച്ച് വന്നത്. വിമാനത്തിൽ ഉപയോഗിക്കുന്ന പാർട്സുകളിൽ 90 ശതമാനവും മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1973-74 കാലഘട്ടത്തിലാണ് മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. മിഗ് 21ന്റെ പരിഷ്‌ക്കരിച്ച പതിപ്പായ മിഗ് 21 ബൈസൺ വിമാനമാണ് പാക് യുദ്ധവിമാനങ്ങളെ തുരത്താനായി അഭിനന്ദൻ വർ‌ദ്ധമാൻ ഉപയോഗിച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ വിമാനം ഉപയോഗിച്ചാണ് പാകിസ്ഥാന്റെ അത്യാധുനിക അമേരിക്കൻ നിർമിത എഫ്.16 വിമാനത്തെ അഭിനന്ദൻ വെടിവച്ചിട്ടത്. വ്യോമസേനയുടെ കൈവശമുണ്ടായിരുന്ന 110 മിഗ് 21 വിമാനങ്ങളാണ് 2006ൽ മിഗ് 21 ബൈസണായി അപ്ഗ്രേഡ് ചെയ്‌തത്. കൂടുതൽ കാര്യക്ഷമമായ റഡാർ, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ കൂട്ടിച്ചേർത്തായിരുന്നു അപ്ഗ്രേഡേഷൻ.