റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പ് വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന വിചിത്രവാദവുമായി കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് എട്ടുവര്‍ഷം മുമ്പ് ശിവ്കര്‍ ബാബുജി എന്നയാള്‍ വിമാനം കണ്ടുപിടിച്ചിരുന്നെന്നും, രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുഷ്പക വിമാനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠിക്കണമെന്നും മന്ത്രി പറഞ്ഞു. എഐസിടിഇ-ഇസിഐ ഛാത്ര വിശ്വകര്‍മ പുരസ്‌കാര വിതരണ ചടങ്ങിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.
വിശ്വകര്‍മ്മാവിനെക്കുറിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും സത്യപാല്‍ പറഞ്ഞു. പുരാതന ഇന്ത്യയിലെയും പുരാണങ്ങളിലെയും കണ്ടുപിടുത്തങ്ങളെക്കുറിച്ച് പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കോളേജുകളില്‍ ഇതാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും സത്യപാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്‍മാര്‍ അല്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമായി ഇതിനു മുമ്പും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പരശുരാമനാണ് ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.