Saturday, April 20, 2024
HomeKeralaഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയുണ്ടായ കോടതി വിധിയുടെ കഥ

ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയുണ്ടായ കോടതി വിധിയുടെ കഥ

കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തനാവില്ലെന്നുമുള്ള ഹൈക്കോടതിയുടെ ചരിത്രപരമായ വിധിയുടെ പിന്നിലെ കഥ. . കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായിരുന്നു കോടതിയുടെ സുപ്രധാന വിധി വന്നത്.

ഈ ചരിത്രവിധിക്ക് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ച ഒരച്ഛനും മകളുമുണ്ട്. ഫോട്ടോഗ്രാഫറായ ഹക്‌സര്‍ ആര്‍കെയും മകള്‍ ഫഹീമ ഷെറിനും.വിവരശേഖരണമെന്ന അവകാശത്തിൻമേലുള്ള ഹോസ്റ്റലധികൃതരുടെ നിയന്ത്രണമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. വൈകീട്ട് ആറ് മുതൽ രാത്രി പത്ത് വരെ മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ഫഹീമ അംഗീകരിച്ചില്ല. വിഷയം ഫഹീമ അച്ഛനെ അറിയിച്ചപ്പോള്‍ മകളുടെ നിലപാടിനൊപ്പമാണ് പിതാവായ ഹക്‌സര്‍ നിലകൊണ്ടത്.

ഫഹീമയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിനെതിരേ കഴിഞ്ഞ മൂന്ന് മാസമായി ഈ അച്ഛനും മകളും നടത്തിയ നിയമപോരാട്ടത്തില്‍ ഇരുവരും വിജയിച്ചിരിക്കുകയാണ്. പുറത്താക്കിയ നടപടി റദ്ദാക്കിയ കോടതി ഫഹീമയെ ഉടന്‍ തിരിച്ചെടുക്കാനും നിര്‍ദേശിച്ചു.രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നതെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ വാദം എന്നാല്‍ അറിവു സമ്പാദിക്കാനുള്ള അവകാശത്തെ ഇത്തരം നിയന്ത്രണങ്ങള്‍ ഹനിക്കുമെന്നും പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നുമാണ് ഫഹീമയുടെ പിതാവ് ഹക്‌സര്‍ നിലപാടെടുത്ത്.

ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുമെന്നും മൊബൈല്‍ ഫോണ്‍ പഠനം കുറയ്ക്കുമെന്നും ചിന്തിക്കുന്ന രക്ഷിതാക്കള്‍ ഹക്‌സര്‍ എന്ന ഈ അച്ഛന്റെ വാക്കുകള്‍ കേൾക്കാതെ പോവരുത്.കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ ബി.എ. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് മകള്‍ ഫഹീമ ഷെറിന്‍. അതേ കോളേജിന്റെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലിലാണ് അവൾ താമസിച്ചത്. രാത്രി 10 മുതല്‍ പിറ്റേ ദിവസം 6 മണി വരെ വാർഡൻ മൊബൈല്‍ വാങ്ങി വെക്കുമായിരുന്നു. നിയന്ത്രണങ്ങളോട് യോജിപ്പില്ലെങ്കിലും ഉറങ്ങുന്ന സമയമായതിനാല്‍ അത് ചോദ്യം ചെയ്തില്ല. എന്നാല്‍ ഈ വര്‍ഷം പുതിയ നിയന്ത്രണങ്ങള്‍ വന്നു. വൈകിട്ട് ആറ് മണിമുതല്‍ രാത്രി പത്ത് വരെ ഫോണ്‍ ഹോസ്റ്റൽ വാർഡൻ വാങ്ങി വെക്കാൻ തുടങ്ങി. ഈ നിയന്ത്രണം മകള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.ചെറു പ്രായം മുതല്‍ മൊബൈലും ഇന്റര്‍നെറ്റും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നയാളാണ് മകൾ. അതിനാൽ തന്നെ പഠനത്തിന്റെ നിർണ്ണായക സമയത്ത് അത് വാങ്ങി വെക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല.

എന്നോട് വിഷയം അവതരിപ്പിച്ച ശേഷം നിബന്ധനയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മകൽ പ്രിന്‍സിപ്പാളിന് നിവേദനം നല്‍കി. എന്നാല്‍ നിയമം അനുസരിക്കാന്‍ തയ്യാറല്ല എന്ന് എഴുതി തരാനാണ് പ്രിന്‍സിപ്പാള്‍ നിര്‍ദേശിച്ചത്. മാത്രവുമല്ല മൊബൈല്‍ ഫോണ്‍ നിയമം അനുസരിക്കാന്‍ പ്രയാസമുണ്ടെന്ന് എഴുതി നൽകുകയും ചെയ്തു. പിറ്റേന്നു രക്ഷിതാവായ എന്നെ വിളിച്ചു വരുത്തിയ ഉടനെ മകളെ പുറത്താക്കി എന്നാണ് പ്രിന്‍സിപ്പാൾ അറിയിച്ചത്.

എന്റെ വിശദീകരണം പോലും കേൾക്കാതെയായിരുന്നു പ്രിന്‍സിപ്പാളിന്റെ നടപടി.എത്ര സമയം വേണമെങ്കിലും ഞാൻ കാത്തുനിൽക്കാമെന്നും എന്റെ വിശദീകരണം കേൾ ക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അതിന് അധികൃതര്‍ കൂട്ടാക്കിയില്ല. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടാണെന്ന് പ്രിന്‍സിപ്പാൾ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.പുതുതായി ചേര്‍ന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മൊബൈല്‍ കൊടുക്കുന്നതിനെതിരാണെന്നായിരുന്നു അധികൃതരുടെ ന്യായീകരണം.

എന്റെ മോൾക്ക് മൊബൈല്‍ കൊടുത്തോളൂ. എനിക്ക് വിരോധമില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ഒന്നും കേൾക്കാന്‍ അവര്‍ തയ്യാറായില്ല. മകളെ പുറത്താക്കിയെന്ന് അവര്‍ അറിയിക്കുകയായിരുന്നു.സെഞ്ച്വറി ഓള്‍ഡ് ജനറേഷന്‍ എന്ന് പ്രിന്‍സിപ്പാലിനെ വിളിച്ചപമാനിച്ചു എന്നായിരുന്നു കോടതിയില്‍ കോളേജധികൃതര്‍ എനിക്കെതിരേ ഉന്നയിച്ച ആരോപണം. എന്നാല്‍ ആ വിളി അപമാനിക്കാനായി പറഞ്ഞതല്ല. അത് യാഥാര്‍ഥ്യമാമെന്നാണ് എനിക്ക് ഇന്നും എപ്പോഴും പറയാനുള്ളത്. കേസിനു പോകണമെന്ന താത്പര്യമുണ്ടായിരുന്നില്ല.

എന്റെ ഭാഗം അവര്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അന്ന് തന്നെ പ്രശ്‌നം പരിഹരിക്കപ്പെട്ടേനെ.സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും എത്തിയ സാങ്കേതികത കുട്ടികളുടെ ഗുണത്തിന് ഉപയോഗിക്കുന്നതിന് എതിരേ നില്‍ക്കുന്നതിന്റെ യുക്തിയില്ലായ്മ ഞാൻ അന്നു തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുത്തേനെ. പക്ഷെ അവര്‍ എന്നെ അന്ന് കേള്‍ക്കാന്‍ തയ്യാറായില്ല.ഞാനൊരു സാധാരണ ഫോട്ടോഗ്രാഫറാണ്. പറയപ്പെടുന്ന പ്രിവിലജുകളൊന്നുമില്ല എന്ന തരത്തിൽ തന്നെ അപമാനിച്ചു കൊണ്ടാണ് അന്ന അവർ സംസാരിച്ചതത്രയും. എന്റെ മുന്നിലുള്ള ഏക പോം വഴി സമൂഹത്തില്‍ ഈവിഷയം ചര്‍ച്ചയാക്കുക എന്നതായിരുന്നു. എന്നാല്‍ സമൂഹത്തോട് ഞാന്‍ നേരിട്ട് സംവദിക്കാന്‍ ശ്രമിച്ചാല്‍ ആരും എന്നെ കേള്‍ക്കാന്‍ തയ്യാറാവില്ല. അതിനാലാണ് നിയമത്തിന്റെ വഴി പോയതും അനുകൂല വിധി തേടി വിഷയം ചര്‍ച്ചയാക്കാന്‍ ശ്രമിച്ചതും.

ഏതെങ്കിലും തരത്തില്‍ നമ്മള്‍ പഠിപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം ദുരുപയോഗം ചെയ്യുന്നെന്ന ഭയം കൊണ്ട് മാറ്റി നിര്‍ത്തുന്നത് ശരിയല്ല. ഇത്രത്തോളം സ്വാധീനമുണ്ടാക്കിയ മീഡിയം വേറെയുണ്ടാവില്ല. അറിവു നേടാനും വാര്‍ത്തകള്‍ കൈമാറാനും തുടങ്ങീ സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തു്നന സാങ്കേതിക വിദ്യയെ അകറ്റി നിര്‍ത്തുന്നത് ശരിയല്ല. കുട്ടികളെ റെസ്‌പോണ്‍സിബിള്‍ യൂസിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് വേണ്ടത്. ഇന്റര്‍നെറ്റ് മൂലം കുട്ടികളുടെ പഠനം മോശമാകുന്നു എന്നാണ് രക്ഷിതാക്കളുടെ ഒന്നാമത്തെ പരാതി.പുസ്തകത്തില്‍ നിന്നുള്ള അറിവ് സമ്പാദിച്ച് പരീക്ഷ എഴുതി വിജയിക്കല്ലല എന്നെ സംബന്ധിച്ച് പഠനം. എന്റെ സങ്കല്‍പത്തിലുള്ള പഠനത്തിലേക്കെത്താന്‍ കുട്ടിയെ സഹായിക്കുന്ന മാധ്യമമായാണ് മൊബൈലിനെയും ഇന്റര്‍നെറ്റിനെയും ഞാന്‍ കാണുന്നത്. രണ്ടാമത് നീലച്ചിത്രങ്ങള്‍ കാണുമെന്ന ഭയത്താലായിരിക്കും ചിലര്‍ ഇതിനെ എതിര്‍ക്കുന്നത്. എന്നാല്‍ മുത്തുച്ചിപ്പി വായിച്ചും രതിചിത്രങ്ങള്‍ കണ്ട് കൊണ്ട് തന്നെയാണ് ഓരോ തലമുറയും കടന്നു പോയിരിക്കുന്നത്.

എല്ലാ കാലത്തും ഇത്തരത്തിലുള്ള സാധ്യതകള്‍ എല്ലാ സമൂഹത്തിലുമുണ്ട്. അവ നിഷേധിച്ചത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. നമ്മുടെ സദാചാരബോധത്തിനെ മറികടക്കുംവിധം ബോധമുള്ള തലമുറയാണ് പുതുതലമുറ എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്.മാതാപിതാക്കളുടെ താത്പര്യത്തിനു വിരുദ്ധമായ ബന്ധങ്ങളിലേക്ക് കുട്ടികള്‍ പോകുമെന്ന മൂന്നാമത്തെ ഭയവും രക്ഷിതാക്കള്‍ക്കുണ്ടാവാം. എന്നാല്‍ കുട്ടികള്‍ക്കൊപ്പം സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുന്ന രക്ഷിതാക്കളാണെങ്കില്‍ അവര്‍ എന്ത് കാര്യവും ആദ്യം നമ്മളോടായിരിക്കില്ലേ പറയുക. അവരെ മനസ്സിലാക്കുന്ന അവരുടെ കൂടെ നില്‍ക്കുന്നവരായി അവർക്ക് നമ്മൾ അനുഭവപ്പെടണം. അടഞ്ഞ പ്രദേശത്ത് നിന്നുകൊണ്ട് നിങ്ങള്‍ അവര്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമ്പോൾ സ്വാഭാവികമായും മറ്റിടങ്ങളിലേക്ക് പോകും. ഇനി അവര്‍ മറ്റൊരു ബന്ധത്തിലേക്ക് പോയാൽ തന്നെയും അവരുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

നിങ്ങളുടെ മകളോ മകനോ ആയിരിക്കുമ്പോഴും അവര്‍ ഒരു വ്യക്തിയാണ്. സ്വന്തമായ അഭിപ്രായങ്ങളും ആഗ്രഹങ്ങളുമുള്ള സ്വതന്ത്ര വ്യക്തി.”രക്ഷിതാക്കളുടെ സമ്മതം ഉള്ളത് കൊണ്ട് കുട്ടികളുടെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഹോസ്റ്റലിന് അധികാരമില്ല. പകരം 18 വയസ്സ് കഴിഞ്ഞ സ്വതന്ത്ര പൗരന്‍മാരാണ് അവര്‍. അവരുടെ പൗരാവകാശമാണ് മൊബൈല്‍ ഉപയോഗവും ഇന്റര്‍നെര്‌റ് ഉപയോഗവും” എന്നത് അഭിമാനകരമായ വിധിയാണ്. അതില്‍ സന്തോഷിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments