ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

jayalalitha

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജയലളിതയുടെ മരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ചയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ട് ടി.ടി.വി. ദിനകരൻ പക്ഷം രംഗത്തെത്തിയത്. ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദൃശ്യങ്ങൽ പുറത്തുവിട്ടതെന്നും സൂചനകളുണ്ട്. ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും ദിനകരനുമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിത ആശുപത്രിയിൽ സുരക്ഷിതയായിരുന്നുവെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.