Saturday, April 20, 2024
HomeNationalബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ പോവുകയാണോ ?

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ പോവുകയാണോ ?

വാര്‍ത്ത-വിവരവിനിമയ രംഗത്ത് രാജ്യത്തിന്റെ നട്ടെല്ലായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)നെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുന്നു. ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ ആണ് നീക്കം. അതീവ രഹസ്യമായാണ് ഇതിനുള്ള നീക്കം. തന്ത്രപ്രധാന ഓഹരിവില്‍പ്പനയ്ക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ബിഎസ്എന്‍എല്ലിനെ നിതി ആയോഗ് ഉള്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബിഎസ്എന്‍എല്ലിന്റെ ഓഹരിവില്‍പ്പന നടത്തില്ലെന്ന് നിതി ആയോഗ് പത്രക്കുറിപ്പ് ഇറക്കി.

ഡിസംബര്‍ 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിതി ആയോഗിനു നല്‍കിയ കത്ത് കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നു. ബിഎസ്എന്‍എല്‍, ഐടിഐ ലിമിറ്റഡ് എന്നിവയുടെ അടച്ചുപൂട്ടലിനോ ഈ സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാനോ ഉള്ള ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടി ഉടന്‍ അറിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിതി ആയോഗിനോട് ആവശ്യപ്പെട്ടത്. പിഎംഒ യിലെ ഡെപ്യൂട്ടി സെക്രട്ടറി മയൂര്‍ മഹേശ്വരിയാണ് കത്ത് നല്‍കിയത്.

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനു പിന്നില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കാനുള്ള വ്യഗ്രതയാണ്. ബിഎസ്എന്‍എല്‍ ഇല്ലാതായാല്‍ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഉപയോക്താക്കളെ സ്വകാര്യകമ്പനികള്‍ക്ക് ലഭിക്കും. ബിഎസ്എന്‍എല്ലിന്റെ സാന്നിധ്യമാണ് നിരക്കുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ കാരണം. സ്വകാര്യ കമ്പനികള്‍ മാത്രമുള്ള രാജ്യങ്ങളില്‍ കോള്‍-ഡാറ്റാ ഉപയോഗ നിരക്കുകള്‍ ഇന്ത്യയിലെ നിരക്കിന്റെ പത്തുമടങ്ങ് വരെയാണ്. ബിഎസ്എന്‍എല്ലിനെ പ്രാദേശിക തലങ്ങളില്‍ കമ്പനികളാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുന്നത് പ്രായോഗികമല്ല.ഫലത്തില്‍ ബിഎസ്എല്‍എല്ലിന്റെ സ്വകാര്യവല്‍ക്കരണമോ അടച്ചുപൂട്ടലോ ആണ് മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതിര്‍ത്തിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ബിഎസ്എന്‍എല്‍ അടച്ചുപൂട്ടുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകും. വാര്‍ത്താവിനിമയ രംഗത്ത് രാജ്യത്തിന്റെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ അപകടത്തിലാക്കുന്ന നീക്കമാണിത്. മുമ്പ് ബിഎസ്എന്‍എല്‍ ചൈനയില്‍നിന്ന് ടെലികോം ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സുരക്ഷാ ഭീഷണിയുടെ പേരില്‍ അനുമതി നിഷേധിച്ചിരുന്നു. എല്ലാ സ്വകാര്യകമ്പനികളും ടെലികോം ഉപകരണങ്ങള്‍ ചൈനയില്‍നിന്നാണ് വാങ്ങുന്നത്.

പത്തു കോടിയില്‍പരം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതാണ് ബിഎസ്എന്‍എല്‍. റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥലവും കെട്ടിടങ്ങളും ബിഎസ്എന്‍എല്ലിനാണ്. എക്സ്ചേഞ്ചുകളും ഓഫീസുകളുമായി 30,000 കേന്ദ്രങ്ങളുണ്ട്. ഏഴ് ടെലികോം ഫാക്ടറികളും. 2,10,000 സ്ഥിരം ജീവനക്കാരും ലക്ഷത്തോളം കരാര്‍, താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. കഴിഞ്ഞ വര്‍ഷം 30,000 കോടി രൂപയായിരുന്നു വരുമാനം.

(കടപ്പാട് : സാജൻ )

RELATED ARTICLES
- Advertisment -

Most Popular

Recent Comments