മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് പിൻവലിക്കുന്നു

2015ൽ ബാർകോഴ വിവാദം കത്തിനിൽക്കെ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് പിൻവലിക്കുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎയും കേസിലെ പ്രതിയുമായ വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. നിയമവകുപ്പിന്‍റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി അപേക്ഷ കൈമാറിയിട്ടുണ്ട്. കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ എൽഡിഎഫ് നേതാക്കളാണ്. സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങളടകം രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുഡിഎഫിലെ നാല് അംഗങ്ങൾക്കെതിരേയും കേസെടുത്തിരുന്നു. 2015 മാർച്ച് 13നാണ് ബജറ്റ് അവതരണം നടന്നത്. നിയമസഭയ്ക്കുള്ളിലെ സംഘർഷങ്ങളിൽ ഭരണ- പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും ഉൾപ്പെടെ 33 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതും ആദ്യ സംഭവമായിരുന്നു.