ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

vettipram deepak

ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പത്തനംതിട്ട വെട്ടിപ്രം ചാഞ്ഞപാറയ്ക്കൽ ദീപനാണ് (26) അറസ്റ്റിലായത്. കൊലപാതക കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് സിഐ ടി. ബിജു പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് പിതാവ് വി.ജി. ചെല്ലപ്പൻ (63) മരിച്ചത്. തലയ്ക്കേറ്റ ക്ഷതവും ക്രൂരമർദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെല്ലപ്പന്റെ കാലിന്റെ എല്ലിന് പൊട്ടലും തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ട്. കമ്പു കൊണ്ടുള്ള അടിയിൽ ചെല്ലപ്പൻ നിലത്ത് വീണപ്പോഴാകാം തലയ്ക്ക് മുറിവേറ്റതെന്നു കരുതുന്നു. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയില്ലെന്നു മാത്രമല്ല, ചികിൽസയ്ക്ക് കൊണ്ടുപോകുന്നതു വരെ ഇയാൾ തടസപ്പെ‌ടുത്തിയതായും പൊലീസ് പറഞ്ഞു. വീട്ടിലില്ലാതിരുന്ന ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ പിറ്റേന്ന് എത്തിയ ശേഷമാണ് നാട്ടുകാരുടെ സഹായത്തോടെ ചെല്ലപ്പനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. മരണവിവരം അറിഞ്ഞതോടെ ഒളിവിൽപ്പോയ ദീപനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെല്ലപ്പന്റെ സംസ്കാരം നടത്തി.