പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പില്‍ പ്രതികരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തട്ടിപ്പുകാരെ പിടികൂടുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. 11,400 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്താന്‍ കഴിയാതിരുന്നത് ഓഡിറ്റര്‍മാരുടെ വീഴ്ചയാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ആവശ്യമായ പുതിയ സംവിധാനം എന്തെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ വിലയിരുത്തണമെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു. വന്‍ ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം നല്‍കുന്ന ബയേഴ്‌സ് ക്രെഡിറ്റ് സൗകര്യം ഉപയോഗിച്ചാണ് നീരവ് മോഡി വിദേശത്ത് തട്ടിപ്പ് നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തിന്റെ പിന്‍ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതിനാല്‍ ബാധ്യത, ജാമ്യം നിന്ന പി.എന്‍.ബിക്കായി.നീരവ് മോഡി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും ബന്ധുവുമായ മെഹൂല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പി.എന്‍.ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഈ മാസം അഞ്ചിന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് 11,346 കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കൂടി പുറത്തേക്ക് വന്നത്. തട്ടിപ്പ് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ നീരവ് മോഡി രാജ്യം വിട്ടിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പില്‍ പ്രതികരണവുമായി ധനമന്ത്രി
RELATED ARTICLES