ലോക പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു.ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു. ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയിലെ വസതിയിലായിരുന്നു അന്ത്യം. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍. 195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രൈസ്തവ തത്വങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റ് നൽകുന്ന വിവരം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സുവിശേഷ പ്രാസംഗികനായാണ് ബില്ലി ഗ്രഹാം അറിയപ്പെട്ടിരുന്നത്. അമേരിക്കയുടെ പാസ്റ്റര്‍, പ്രൊട്ടസ്റ്റന്റ് പോപ്പ് എന്നീ അപര നാമങ്ങളില്‍ അറിയപ്പെട്ട അദ്ദേഹം പ്രസിഡന്റ് ഹാരി ട്രുമാന്‍ മുതലുള്ള പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്നു. 1954 ല്‍ ലണ്ടനിലാണ് ബില്ലി ഗ്രഹാം തന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. പതിനാറാം വയസില്‍ ഒരു യാത്രയ്ക്കിടെ ഒരു സുവിശേഷകനുമായി നടത്തിയ സംഭാഷണമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ബില്ലി ഗ്രഹാം പറഞ്ഞിട്ടുണ്ട്. 60 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തന കാലയളവില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലളിതമായ ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ബില്ലിഗ്രഹാം പ്രകടിപ്പിച്ചിരുന്ന അപാരമായ കഴിവ് പ്രശംസനീയമായിരുന്നു. ലോക പ്രസിദ്ധ മാരാമണ്‍ കണ്‍വന്‍ഷനിലും ബില്ലഗ്രഹാമിന്റെ സാന്നിധ്യം ആത്മചൈതന്യം പകർന്നിട്ടുണ്ട്. വിര്‍ജീനിയ, ആനി, റൂത്ത്, വില്യം ഫ്രാങ്ക്‌ളിന്‍ കകക, നെല്‍സണ്‍ എന്നിവരാണ് ബില്ലി ഗ്രഹാം രൂത്ത് ഗ്രഹാം ദമ്പതികളുടെ മക്കള്‍.
ലോക പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു
RELATED ARTICLES