14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ ബാംഗ്ലൂരിലെന്ന് വിവരം

kidnap

ഓച്ചിറയില്‍ നിന്നും 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇനി അന്വേഷണ സംഘം ബാംഗ്ലൂര്‍ പോലീസിന്റെ സഹായം തേടും. ഓച്ചിറ സ്വദേശികളായ നാലംഗ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മുഹമ്മദ് റോഷന്‍ എന്നയാളാണ് കേസിലെ പ്രധാന പ്രതി. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയത്. തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ട് പോയത്.  കൂട്ടുപ്രതികളാണ് ഇവരെ എറണാകുളത്തുനിന്നും ട്രെയിനിൽ കയറ്റിവിട്ടതെന്നും പോലീസ് പറഞ്ഞു. പ്രതി ബെംഗളുരുവിലേക്ക് ടിക്കറ്റെടുത്തതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറയുന്നു. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുടുംബം പ്രതിമ വില്‍പ്പനയ്ക്കായാണ് കേരളത്തിലേക്കെത്തിയത്. ഓച്ചിറയ്ക്ക് സമീപം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും സൂചനയുണ്ട്. ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ബാംഗ്ലൂരിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.