മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുടെ മറവിൽ 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി 25 അടി ഉയരമുള്ള കുരിശിന്‍റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചു പൊളിച്ചുനീക്കിയപ്പോൾ കുരിശില്‍ വിശ്വസിക്കുന്ന വലിയൊരു സമൂഹത്തെ നോക്കുകുത്തിയാക്കുന്ന കലാപരിപാടിക്കല്ലേ സർക്കാർ കൂട്ട് നിൽക്കുന്നത് എന്ന് ചോദിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘ്പരിവാര്‍ ശൈലിക്ക് ഓശാന പാടുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയും. കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിെൻറ നയമാണോ എന്ന് സര്‍ക്കാര്‍ പറയണമെന്ന് കെ.സി.ബി.സി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ശക്തമായി ഇടതുപക്ഷ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
നിയമവിധേയമായി മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്നത് തെറ്റല്ല. എന്നാൽ ആശങ്കാജനകമായ ദ്രശ്യങ്ങൾ സൃഷ്ടിച്ചു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ഓർമ്മപ്പെടുത്തുന്ന രീതിയില്‍ കേരളീയ സമൂഹത്തില്‍ അസഹിഷ്ണതയടെ അഗ്‌നി കത്തിക്കുവാൻ ശ്രമിച്ചത് തികച്ചും തെറ്റായ നടപടിയാണ്. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈേയറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു നീക്കാന്‍ നിയമപരമായ വഴികള്‍ തേടുകയായിരുന്നു വേണ്ടത് എന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി.
അതെ സമയം കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രിയും രംഗത്തെത്തിയത് പൊളിച്ചവർക്കു ‘കുരിശായി’ മാറി. ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന കാര്യം ജില്ലാ ഭരണകൂടം ഓര്‍ക്കണം. ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തതെന്ന് താന്‍ കലക്ടറോട് വിളിച്ച് ചോദിച്ചിരുന്നു. കുരിശിൽ കൈവയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നെന്നും കുരിശ് പൊളിച്ച സർക്കാർ എന്ന ദുഷ്പേരിന് ഇതിടയാക്കിയെന്നും ജില്ലാഭരണകൂടത്തിന് ജാഗ്രതക്കുറവുണ്ടായെന്നും കോട്ടയത്ത് താക്കീതിന്‍റെ സ്വരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുരിശ് സ്ഥാപിച്ചതില്‍ ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ ക്രൈസ്തവസഭയുമായി ആലോചിച്ചശേഷമാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്. അവരോട് സംസാരിച്ചിരുന്നുവെങ്കില്‍ അവര്‍ തന്നെ മാറ്റിയേനെ. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാറിലെ നടപടികള്‍ ജനമെന്താണെന്ന് മനസ്സിലാക്കാത്തവരുടെ തെറ്റായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളാ സ്‌റ്റേറ്റ് ഹെഡ്‌ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരിശുപൊളിച്ചുനീക്കിയതില്‍ യേശുക്രിസ്തുവായിരിക്കും ഏറ്റവുമധികം സന്തോഷിക്കുകയെന്ന് യാക്കോബായ സഭ നിരണം ഭ്രദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലേസ് പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി കുരിശു പൊളിക്കാന്‍ പാടില്ലായിരുന്നുവെന്നു പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
കുരിശു തകർത്തതിന്‍റെ പിന്നിൽ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം ബലപ്പെടുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ബിജെപി നേതാക്കളുടെ ഒഴുക്കായിരുന്നു മൂന്നാറിലേക്ക്. ആദ്യമെത്തിയത് കുമ്മനം രാജശേഖരനായിരുന്നു. പിന്നീട് ബിജെപി ജില്ലാ ഘടകത്തെക്കൊണ്ട് മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിച്ച് ഉദ്ഘാടനം ചെയ്യാന്‍ കുമ്മനം വീണ്ടും എത്തി. ഇത് മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമാണ്. സംഘപരിവാര്‍ പശ്ചാത്തലമുള്ള ഈ ബന്ധങ്ങളാണ് മൂന്നാറില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമായിരുന്നു.
കൈയേറ്റം ഒഴിപ്പിക്കൽ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രൻ എം.എൽ.എയും രംഗത്തുവന്നു. മൂന്നാറിൽ ഇപ്പോൾ നടക്കുന്നത് തെമ്മാടിത്തമാണെന്നായിരുന്നു കെ.കെ. ജയചന്ദ്രന്റെ പ്രതികരണം. 144 പ്രഖ്യാപിക്കാൻ മൂന്നാറിൽ യുദ്ധമൊന്നും ഇല്ലല്ലോയെന്നുമായിരുന്നു ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന്‍റെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗ തീരുമാനപ്രകാരമാണ് മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടന്നതെന്നും അതിന്‍റെ ഭാഗമായാണ് കുരിശ് പൊളിച്ചുമാറ്റിയതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. കുരിശ് കൈയ്യേറ്റത്തിന്റെ പ്രതീകമാകുന്നത് തടയുകാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് കെകെ ശിവരാമൻ ശബ്ദമുയർത്തിയത്. സിപി ഐ ഭരിക്കുന്ന റവന്യൂ വകുപ്പാണ് പൊളിക്കലിനു നേതൃത്വം കൊടുത്തതെന്നതിനാല്‍ വിഷയം സിപിഎം സിപി ഐ പോരു രൂക്ഷമാക്കുന്നതിലേക്കാണ് നീങ്ങുന്നതെന്നും സൂചനയുണ്ട്.
കുരിശ് സ്ഥാപിച്ചിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വ്വേ നമ്പറില്‍ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ കുരിശിന് സമീപത്തെ നൂറുകണക്കിന് ഏക്കര്‍, സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറിയിട്ടുണ്ടെന്നാണ് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട്. വിഎസ് ഭരണകാലത്ത് സമാനമായ രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും, ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സംഘത്തിനും സര്‍ക്കാരിനും പിന്തിരിയേണ്ടിവന്നിരുന്നു. ഇന്നലെ രാവിലെയാണ് പാപ്പാത്തി ചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍കുരിശ് റവന്യൂസംഘം പൊളിച്ചുനീക്കിയത്. ആദ്യം ചുറ്റിക ഉപയോഗിച്ച് പൊളിച്ചും പിന്നീട് ട്രാക്ടറെത്തിച്ച് ഡ്രില്ല് ചെയ്യുകയും ചെയ്ത ശേഷം ജെസിബി എത്തിച്ച് കുരിശ് ഇടിച്ചു താഴെയിടുകയായിരുന്നു. കുരിശിനു സമീപമുള്ള താത്കാലിക ഷെഡ് സംഘം പൊളിച്ച് തീയിടുകയും ചെയ്തിരുന്നു. ഇനിയെന്തു എന്ന് ആശങ്കയോടെ ഈ വിഷയത്തിൽ കേരള ജനത ഉറ്റുനോക്കുകയാണ്.