പാപ്പാത്തിച്ചോലയിൽ പൊളിച്ച കുരിശിന്‍റെ അതേ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു

cross munnar

ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഇന്നലെ പൊളിച്ച കുരിശിന്‍റെ അതേ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു. 20 അടി ഉയരവും ഒരു ടൺ ഭാരവുമുള്ള പടുകൂറ്റൻ കുരിശ് റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്ത അതെ സ്ഥലത്തു അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നതു. വെള്ളിയാഴ്ച വൈകിട്ടാണ് കുരിശ് സ്ഥാപിച്ചതെന്നാണ് വിവരം. അതേ സമയം പുതിയതായി സ്ഥാപിച്ച കുരിശുമായി തങ്ങൾക്കു യാതൊരു ബന്ധമില്ലെന്ന് നേരത്തെ പൊളിച്ച കുരിശിന്‍റെ ഉടമസ്ഥത ആരോപിക്കപ്പെട്ടിരുന്ന സ്പിരിറ്റ് ഇന്‍ ജീസസ് അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുതിയ കുരിശ് ആരാണ് ഇവിടെ സ്ഥാപിച്ചതെന്നു വ്യക്തമല്ല.

കുരിശു നീക്കം ചെയ്ത നടപടി ഇടതുമുന്നണിയിലടക്കം വൻ അഭിപ്രായഭിന്നതയ്ക്കു വഴിവച്ചു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു. ഇനി മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രം വേണ്ടെന്നും മുഖ്യമന്ത്രി ഇന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മതമേലധ്യക്ഷന്മാരും സംഭവത്തിൽ പ്രതികരിച്ചിരുന്നു.