തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തിലെ ധ്വജത്തിനുവേണ്ടിയുള്ള കൊടിമരം ഘോഷയാത്ര കൊണ്ടുവന്നു

thottamon kavu

തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തിലെ ധ്വജത്തിനുവേണ്ടിയുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. പാലാ പ്രവിത്താനത്തുനിന്നുമാണ് കൊടിമരം കൊണ്ടുവന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര റാന്നി രാമപുരം ക്ഷേത്രാങ്കണത്തിലെത്തിയത്. അവിടെനിന്ന് വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയോടെ നൂറുകണക്കിന് ഭക്തര്‍ ചേര്‍ന്ന് കൊടിമരഘോഷയാത്രയെ തോട്ടമണ്‍കാവ് ക്ഷേത്രത്തിലേക്ക് എതിരേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴിന് തന്ത്രി പ്രതിനിധി മംഗലത്തുമന ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി അജിത്ത് കുമാര്‍പോറ്റി എന്നിവരുടെ കാര്‍മികത്വത്തില്‍ വൃക്ഷസ്ഥല പൂജകള്‍ നടന്നു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഷൈന്‍ ജി.കുറുപ്പ്, സെക്രട്ടറി കെ.കെ.സത്യശേഖരന്‍ നായര്‍, ഖജാന്‍ജി ജി.ഹരികുമാര്‍ എന്നിവരടക്കമുള്ള ഭാരവാഹികളും ഭക്തരും ചേര്‍ന്ന് വൃക്ഷം ഏറ്റുവാങ്ങി.വൈകീട്ട് 6.15-ന് റാന്നി രാമപുരം ക്ഷേത്രാങ്കണത്തിലെത്തി. എന്‍.എസ്.എസ്. റാന്നി താലൂക്ക് യൂണിയന്‍, രാജു ഏബ്രഹാം എം.എല്‍.എ., പഴവങ്ങാടിക്കര എന്‍.എസ്.എസ്. കരയോഗം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ശാലീശ്വരം മഹാദേവക്ഷേത്രം, തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്ത്, മുണ്ടപ്പുഴ, തോട്ടമണ്‍, അങ്ങാടി-വെങ്ങാലി, വൈക്കം വരവൂര്‍, പുല്ലൂപ്രം എന്‍.എസ്.എസ്. കരയോഗങ്ങള്‍, കെ.വി.എം.എസ്.അങ്ങാടി, റാന്നി ശാഖകള്‍, എസ്.എന്‍.ഡി.പി.യോഗം റാന്നി യൂണിയന്‍, അഖില കേരള വിശ്വകര്‍മ മഹാസഭ റാന്നി യൂണിയന്‍, അയ്യപ്പസേവാ സംഘം, അയ്യപ്പസേവാ സമാജം, സംസ്‌കൃതി തുടങ്ങി വിവിധ ഹൈന്ദവ സംഘടനകള്‍ തുടങ്ങിയവ സ്വീകരണം നല്‍കി. ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്രത്ത് തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി ഘോഷയാത്രയെ സ്വീകരിച്ചു. രാമപുരം ക്ഷേത്രാങ്കണത്തില്‍നിന്ന് ഭക്തര്‍ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും വഞ്ചിപ്പാട്ടിന്റെയും നാമജപത്തിന്റെയും അകമ്പടിയോടെയാണ് ഘോയാത്രയെ തോട്ടമണിലേക്ക് എതിരേറ്റത്.