കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം

KOTTIKKALASHAM

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങുന്ന കേരളത്തില്‍ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കുകയാണ്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ, കൊട്ടിക്കലാശം അത്യന്തം ആവേശമാക്കാനുളള ശ്രമമാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്. ഇതിനിടെയാണ് വിവിധയിടങ്ങളില്‍ നേരിയ സംഘര്‍ഷമുണ്ടായത്. 

കൊട്ടിക്കലാശത്തിനിടെ തിരുവല്ലയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് നടന്നു. കല്ലേറിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചതോടെ സംഘര്‍ഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. കൊട്ടിക്കലാശത്തിനിടെ വടകരയിലും പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തു. കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ നസീറിനെ കയ്യേറ്റം ചെയ്തതായി പരാതി. മേപ്പയൂര്‍ ബസ്റ്റാന്റിന് സമീപം പ്രചാരണം നടത്തുന്നതിനിടെയാണ് നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.മര്‍ദ്ദിച്ചതിനും പ്രചാരണം തടസ്സപ്പെടുത്തിയതിനും മേപ്പയൂര്‍ പൊലീസില്‍ സിഒടി നസീര്‍ പരാതിപ്പെട്ടു. ഇന്നലെയും ഇവിടെ പ്രചാരണത്തിനെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നും പരാതിയില്‍ നസീര്‍ ആരോപിച്ചു. പരാതി സ്വീകരിച്ചതായി മേപ്പയൂര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.രുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.തിരുവനന്തപുരത്ത് വേളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പം എ കെ ആന്റണി പങ്കെടുക്കുന്നതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ തടഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ദുരനുഭവമാണെന്നാണ് ആന്റണി പ്രതികരിച്ചത്. തനിക്ക് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി ചോദിച്ചു.അക്രമസംഭവങ്ങളില്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം റോഡ് ഷോ പുനരാരംഭിച്ചു.കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വെച്ച്‌ തടഞ്ഞു. കാഞ്ഞിരപ്പള്ളി-പേട്ട കവലയില്‍ വെച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്. പിന്നീട് എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ മാറ്റി സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.