വീട്ടിൽ പട്ടിണിയായിരുന്നാലും സ്വാമിക്ക് പഴവും പാലും. ഒരുതരി പൊന്നുപോലുമില്ല. ഉണ്ടായിരുന്ന സ്വത്തെല്ലാം സ്വാമി അടിച്ചെടുത്തു. ഭക്തിയുടെ പേരിൽ മാതാപിതാക്കളെ അടിമകളാക്കി മാറ്റി സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ നടത്തിയ കൊടിയ ചൂഷണത്തിന്റെ കഥകൾ പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെയാണ്. പഠിക്കാൻ അതിസമർത്ഥയായിരുന്നു പെൺകുട്ടി. കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്. മെരിറ്റിലാണ് നിയമപഠനം.
പന്മന ആശ്രമത്തിലെ മഠാധിപതിയെന്നാണ് എല്ലാവരോടും സ്വാമി പറയാറുള്ളത്. എത്ര പണമില്ലെങ്കിലും സ്വാമി വിചാരിച്ചാൽ പണമെത്തും. അതിനുള്ള വഴിയും സ്വാമി പറഞ്ഞു കൊടുക്കും. പെൺകുട്ടിയുടെ പിതാവ് വി.എസ്.എസ്.സിയിൽ നിന്ന് വിരമിച്ചപ്പോഴുള്ള ആനുകൂല്യം കൈക്കലാക്കിയതിനു പിന്നാലെ അവിടത്തെ സ്റ്റാഫ് സൊസൈറ്റിയിൽ നിന്ന് പത്തുലക്ഷം രൂപ വായ്പയെടുപ്പിച്ചു. കോലഞ്ചേരിക്കടുത്ത് പട്ടിമറ്റത്ത് ഹോട്ടൽ ബിസിനസ്, വയനാട്ടിൽ റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ പണമൂറ്റാൻ നിരവധി പദ്ധതികൾ സ്വാമിക്കുണ്ടായിരുന്നു. നൂറിലധികം പേരിൽ നിന്ന് ഇത്തരത്തിൽ വൻതുകകൾ വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കോലഞ്ചേരിയിലെ കലവറ ഹോട്ടലിൽ പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് പത്തുപേരിൽ നിന്നായി പത്തുമുതൽ പതിനഞ്ച് ലക്ഷം വരെ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തുവർഷമായി സ്വാമി പലരിൽ നിന്നായി പണം തട്ടുകയാണ്. പട്ടിമറ്റത്ത് അച്ഛന്റെ ചെറിയ ഹോട്ടൽ വലിയ റസ്റ്റോറന്റാക്കി മാറ്റി. ഫർണിച്ചർ ഷോപ്പ്, സ്റ്റീൽ പാത്രക്കട എന്നിവയ്ക്കു പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. സ്വാമിയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയാണ്.
ആരെയും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള വൈഭവം സ്വാമിക്കുണ്ടായിരുന്നു. കുടുംബാംഗത്തെപ്പോലെ അടുത്തുകൂടി സാമ്പത്തികമായി ചൂഷണം ചെയ്യുന്നതാണ് പതിവുരീതി. ഇത്രയും തട്ടിപ്പു നടത്തിയെങ്കിലും സ്വാമിയുടെ പേരിൽ ഭൂമിയോ വാഹനങ്ങളോ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ആശ്രിതരായി നിരവധി ബിനാമികൾ സ്വാമിക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമ്മ, ഭക്തിയിൽ സ്വാമിയുടെ അടിമയായി മാറിയെന്നാണ് കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ മൊഴി. വീട്ടിലെ പണം മുഴുവൻ സ്വാമി തട്ടിയെടുക്കുന്നതായി പെൺകുട്ടി പലവട്ടം പറഞ്ഞിട്ടും ആരും കണക്കിലെടുത്തില്ല. സ്വാമി ലൈംഗികമായി പീഡിപ്പിച്ചിരുന്നത് അമ്മയ്ക്ക് അറിയാമോ എന്ന പൊലീസിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാലാണ് അമ്മയെ പോക്‌സോ കേസിൽ കൂട്ടുപ്രതിയാക്കാത്തതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി ഉപദ്രവിക്കാറുണ്ടെങ്കിലും ഒന്നരവർഷത്തോളമായി സ്വാമിയുടെ ശല്യമില്ലെന്നാണ് പെൺകുട്ടിയുടെ മൊഴി. വീട്ടിൽ അപൂർവമായേ വരാറുള്ളൂ. വന്നാലും തന്നോട് സംസാരിക്കാറില്ല. പക്ഷേ അടുത്തിടെ പിണക്കം തീർക്കാൻ സ്വാമി തന്നോട് പറഞ്ഞിരുന്നു. രാത്രിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് പിണക്കം തീർത്ത് തനിക്ക് വഴങ്ങാനായിരുന്നു.