മുംബൈ–ലക്നൗ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെ 11 ബോഗികളാണ് പാളം തെറ്റിയത്. ഉത്തർപ്രദേശിലെ ഉന്നാവോ റെയിൽവേ സ്റ്റേഷനിലാണ് ബോഗികൾ പാളം തെറ്റിയത്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്. സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് പാളം തെറ്റിയത്. വേഗത കുറവായതിനാലാണ് വലിയ അപകടം ഒഴിവായതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽപ്പെട്ട ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്തിച്ചുവെന്നും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു നിർദേശം നൽകി. ഏതെങ്കിലും രീതിയിലുള്ള അട്ടിമറിയുണ്ടായോ എന്ന കാര്യം പരിശോധിക്കാൻ ഭീകരവാദ വിരുദ്ധ സംഘവും സംഭവസ്ഥലത്ത് എത്തി.