അരുണാചല്‍ പ്രദേശില്‍ ഭീകര ആക്രമണം

arunachal terrorist

അരുണാചല്‍ പ്രദേശില്‍ ടിരാപ് ജില്ലയിലെ ബോഗപാനിയില്‍ എന്‍എസ്സിഎന്‍ (ഐഎം) ഭീകര ആക്രമണം. എംഎല്‍എയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എംഎല്‍എയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഖോന്‍സ വെസ്റ്റ് മണ്ഡലം സ്ഥാനാര്‍ഥി കൂടിയാണ് അബോ.

അസമില്‍ നിന്നു വാഹനവ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കു നേരെ ആക്രമണം. മൂന്നു കാറുകളായിരുന്നു അദ്ദേഹത്തിന് അകമ്ബടി ഉണ്ടായിരുന്നത്. അതിലൊരു കാര്‍ ഓടിച്ചിരുന്നത് അബോയുടെ മകനാണെന്നാണ് വിവരം. കാറുകള്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ അപലപിക്കുന്നതായി മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തു. അബോയ്ക്ക് മുന്‍പും വധഭീഷണി ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു.