ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സുരക്ഷയില്ലാതെ കൊണ്ടു പോകുന്നുവെന്ന് പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാപകമായി ഉയരുന്നതിനിടെരാജ്യത്തെ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. തെരഞ്ഞെടുപ്പിൽ വിവിപാറ്റ് എണ്ണലിൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. “തെരഞ്ഞെടുപ്പിനും മുൻപ്, കഴിഞ്ഞ ഒന്നരമാസമായി ഞങ്ങളീ ആവശ്യം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് എന്തുകൊണ്ടാണ് ‍ഞങ്ങളുടെ പരാതികൾ കേൾക്കാത്തതെന്ന് ഞങ്ങൾ ചോദിച്ചു. തുടർന്ന് ഒരു മണിക്കൂറോളം ഞങ്ങളുടെ പരാതികൾ കേട്ട ശേഷം വീണ്ടും നാളെ ഞങ്ങളെ കാണാമെന്നാണ് അവർ പറഞ്ഞത്”, കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‍വി പറഞ്ഞു.

ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഇന്ന് പ്രതിപക്ഷ നേതാക്കൾ മാർച്ച് നടത്തിയാണ് പരാതി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്.പല സംസ്ഥാനങ്ങളിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ സമാജ്‍വാദി പ്രവർത്തകർ നേരിട്ട് പകർത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം.

വോട്ട് എണ്ണുന്നതിന് ഇനി കേവലം ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളിൽ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകൾ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.