പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കണം: ജില്ലാ പോലീസ് മേധാവി

കോവിഡ് 19 വ്യാപനവുമായി ബന്ധപെട്ട് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് പൊതുജനങ്ങളുമായി ഇടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും സുരക്ഷ ഉറപ്പാക്കേണ്ടതുമാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പോലീസുകാര്‍ക്കും കോവിഡ് ബാധ ഉണ്ടായതിനെ തുടര്‍ന്നു, പോലീസിന്റെ പ്രവര്‍ത്തനരീതിയില്‍ വരുത്തിയ മാറ്റം ഫലവത്താണ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും വിവിധ യൂണിറ്റുകളിലും  ഇതു പ്രാവര്‍ത്തികമാക്കി വരുന്നതായും, പൊതുജനങ്ങള്‍ക്ക് പോലീസ് സേവനം ലഭ്യമാവുന്നതില്‍ ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.   ജനങ്ങളുമായി നേരിട്ട് ബന്ധപെട്ടു ജോലിചെയ്യുന്ന ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ, ജനമൈത്രിയുമായി ബന്ധപെട്ടതല്ലാത്ത ഡ്യൂട്ടികള്‍ക്കു നിയോഗിക്കരുതെന്നു എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ നിശ്ചിത സാമൂഹിക അകലം പാലിക്കേണ്ടതും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ടതും, സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്. ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കുമ്പോള്‍ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് അവരുടെ വാഹനങ്ങള്‍ യാത്രക്ക് ഉപയോഗിക്കാവുന്നതാണ്. ബീറ്റ് ഓഫീസര്‍മാര്‍ ഫോണും ഇന്റര്‍നെറ്റും മറ്റും ഉപയോഗിച്ച് വിവരശേഖരണം നടത്തേണ്ടതും കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുമാണ്.      മഴക്കാലാരംഭം കണക്കിലെടുത്തു കോവിഡ് 19 പോലെയുള്ള പകര്‍ച്ചവ്യാധികളെപ്പറ്റി പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. വിദേശരാജ്യങ്ങളില്‍ നിന്നും, ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കൃത്യമായ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് പരിസരവാസികളും ഉറപ്പാക്കണം. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തണം. ഇവര്‍ ബൈക്ക് പട്രോളിങ് നടത്തേണ്ടതാണ്.  രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിലുള്ള അന്തര്‍ജില്ലാ  യാത്രകള്‍,  ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍നിന്നും നല്‍കുന്ന  പാസിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാം. രാത്രി ഏഴു വരെയുള്ള പകല്‍യാത്രകള്‍ ജില്ലവിട്ടു നടത്താന്‍ പാസ് വേണ്ടതില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നത് പോലീസ് ഉറപ്പാക്കും. ലംഘനങ്ങള്‍ക്ക് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.അബ്കാരി റെയ്ഡുകളും അനധികൃത കടത്തുകള്‍ക്കെതിരെയുള്ള പരിശോധനകളും തുടര്‍ന്നുവരുന്നു. ഇന്നലെ മലയാലപ്പുഴ ശീമപ്ലാവ്മുക്കില്‍നിന്നും സ്‌കൂട്ടറില്‍ വാറ്റുചാരായവുമായി രണ്ടു പേരെ എസ്ഐ രാജേന്ദ്രനും സംഘവും പിടികൂടി. കിഴക്കുപുറം പാമ്പേറ്റുമല രെഞ്ചു (28), ഇലക്കുളം പള്ളിക്കല്‍ വീട്ടില്‍ നിഥിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. അനുവദനീയമായ പാസോ അനുമതിപത്രമോ ഇല്ലാതെ പാറയും മറ്റും കടത്തിയതിന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലായി അഞ്ചു ടിപ്പറുകള്‍ പിടിച്ചെടുത്തു നടപടികള്‍ സ്വീകരിച്ചു.ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ബുധന്‍ വൈകിട്ട് നാലു മുതല്‍ വ്യാഴം വൈകിട്ട് നാലു വരെ 27 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്യുകയും17  വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.