പമ്പാനദിയില്‍ നിന്ന് എടുക്കുന്ന മണല്‍ നിലയ്ക്കലിലേക്കു മാറ്റിയിടുന്നതിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കംചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നു ഇവിടെ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. വരുംദിവസങ്ങളില്‍ 150 ഓളം ട്രക്കുകള്‍ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. വലിയ മഴയ്ക്ക് മുമ്പേ പമ്പാനദിയിലെ മണലുകള്‍ എടുത്തുമാറ്റുവാനാണു ശ്രമിക്കുന്നത്. നിലവില്‍ പമ്പയിലെ പ്രളയ സാഹചര്യമില്ലാത്ത സ്ഥലത്താണു മണല്‍ മാറ്റിയിടുന്നത്.പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനാണു മണല്‍ മാറ്റുവാനുള്ള ചുമതല. ഫീല്‍ഡ് വെരിഫിക്കേഷനുവേണ്ടി റാന്നി തഹസില്‍ദാരെ നിയോഗിച്ചിട്ടുണ്ട്.പ്രളയ സാഹചര്യം ഉണ്ടാകാതിരിക്കുവാന്‍ നീക്കംചെയ്യേണ്ട അധിക അളവ് മണല്‍ പരിശോധിക്കുന്നതിനായി സബ് കളക്ടറുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിച്ചിരുന്നു. 75,000 മീറ്റര്‍ ക്യൂബ് മണല്‍ നീക്കംചെയ്യണമെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത മഴയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് നിലവില്‍ എത്ര മീറ്റര്‍ ക്യൂബ് മണല്‍ നീക്കം ചെയ്യണമെന്ന പുതിയ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും.നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന് ദേവസ്വം സെക്രട്ടറി നല്‍കിയ അനുവാദത്തിന്റെ അടിസ്ഥാനത്തിലാണു നദിയില്‍ നിന്നുള്ള മണല്‍ നീക്കം ആരംഭിച്ചത്. നദിയില്‍ നിന്ന് നീക്കം ചെയ്യുന്ന മണല്‍ മാറ്റുന്നതിന് ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. അതിനായി കാത്തിരിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ മിനി.കെ.തോമസ്, പമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ അജയ്‌ഘോഷ്, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ എസ്.മണി, പ്ലാപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.എസ്.ജയന്‍, കെ.സി.സി പി മാനേജിംഗ് ഡയറക്ടര്‍ എസ്.അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.