ജെസ്‌നയുടെ തിരോധാനം; അടുത്ത ബന്ധുക്കൾക്കുള്ള പങ്കിനെ കുറിച്ചന്വേഷിച്ചില്ലെന്ന് ആരോപണം

jesna

ജെസ്ന മരിയയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോൺ ജെയ്സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജി നൽകി. മാർച്ച് 22ന് കാണാതായ ജെസ്‌നയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നതിനാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നു കാണിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ അന്വേഷണത്തിനായി നിവേദനം നൽകിയെങ്കിലും സർക്കാർ പ്രതികരിക്കുന്നില്ല. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിട്ടുപോലും പൊലീസിനു ഫലപ്രദമായ നടപടി സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതേസമയം, ജെസ്‌‍നയുടെ വീട്ടിൽ നിന്നു ലഭിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികൾക്ക് നൽകിയത്. അടുത്ത ബന്ധുക്കൾക്ക് ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിയോടു പറഞ്ഞത്. കാണാതായ ദിവസം മുക്കൂട്ടുതറയിൽ നിന്ന് ജെസ്‌ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്ന് ജെസ്‌നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിന് മൊഴികൊടുത്തുവെന്നും ഇതിൽ തുടരന്വേഷണം നടന്നില്ലെന്നുമാണ് മറ്റൊരു പരാതി. താൻ മരിക്കുവാൻ പോകുന്നുവെന്ന സൂചന നൽകി ജെസ്‌ന അവസാന എസ്എംഎസ് അയച്ച ആൺ സുഹൃത്തിലേക്ക് കൂടുതൽ അന്വേഷണം നടത്തുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇൗ സുഹൃത്ത് ആയിരത്തിലേറെ തവണ ജെസ്‌നയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്ന് പൊലീസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങളിലേക്ക് അന്വേഷണസംഘം കടന്നിട്ടില്ല. പൊലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിലും യുവാവിനെ സംബന്ധിച്ച സംശയ സൂചനകൾ ലഭിച്ചിരുന്നു.