Thursday, April 25, 2024
HomeKeralaകേരളത്തിലെ വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തി

കേരളത്തിലെ വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തി

കേരളത്തിലെ നിപ സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ലോക്‌സഭയില്‍ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠന വിവരം കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. ജൂണ്‍ ആദ്യവാരമാണ് എറണാകുളം ജില്ലയില്‍നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് കഴിഞ്ഞ മൂന്നിനാണ് നിപ സ്ഥിരീകരിച്ചത്. അന്‍പത് പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആയിരുന്നു. 330 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. 2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments