സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി നിശ്‌ചയിച്ചു. അമ്പതിലധികം കിടക്കകളുള്ള ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഇതേത്തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനകള്‍ മൂന്നാഴ്‌ചയോളമായി നടത്തുന്ന സമരം അവസാനിപ്പിച്ചു.
തൊഴില്‍, നിയമം, ആരോഗ്യം വകുപ്പുകളിലെ സെക്രട്ടറിമാരും ലേബര്‍ കമ്മിഷണറും അടങ്ങിയ സമിതിയെയാണ് ശമ്പളനിര്‍ണയത്തിനു നിയോഗിച്ചത്. നഴ്‌സുമാരുടെ പരിശീലന കാലാവധി, സ്‌റ്റൈപ്പന്റ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിനു ശേഷമാണു സമരം അവസാനിപ്പിക്കാന്‍ നഴ്‌സിങ് സംഘടനാ നേതാക്കള്‍ തീരുമാനിച്ചത്. യോഗത്തില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, ടി.പി. രാമകൃഷ്‌ണന്‍, കെ.കെ. ശൈലജ എന്നിവര്‍ക്കു പുറമേ നഴ്‌സിങ് സംഘടനാ നേതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റി, വ്യവസായബന്ധ സമിതി അധികൃതര്‍ എന്നിവരും പങ്കെടുത്തു. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി നിശ്‌ചയിച്ചതായി ചര്‍ച്ചയ്‌ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനമാക്കി മിനിമം വേജസ് കമ്മിറ്റിയായിരിക്കും വേതനം പുതുക്കിനിശ്‌ചയിക്കുക. സര്‍ക്കാരിന്റെ അഭ്യര്‍ഥന എന്ന നിലയ്‌ക്കായിരിക്കും മിനിമം വേജസ് കമ്മിറ്റിക്കു സമിതി റിപ്പോര്‍ട്ട് നല്‍കുക. സമരം ചെയ്‌തവര്‍ക്കും അതിനു നേതൃത്വം നല്‍കിയവര്‍ക്കും എതിരേ യാതൊരുവിധ പ്രതികാര നടപടിയും ഉണ്ടാകരുതെന്ന് ആശുപത്രി മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശമ്പളവര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ നേരത്തേ വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. നഴ്‌സുമാര്‍ കൂട്ടത്തോടെ അവധിയെടുത്തു സമരം ചെയ്‌തതിന്റെ പശ്‌ചാത്‌ലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം യോഗം ചേര്‍ന്നത്. അതിനു മുന്നോടിയായി ഇന്നലെ രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായബന്ധ സമിതിയും സംയുക്‌ത യോഗം ചേര്‍ന്നിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചയിലും മിനിമം ശമ്പളം 17,500 രൂപ എന്ന നിലപാടില്‍ ഉറച്ചുനിന്ന മാനേജ്‌മെന്റുകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വഴങ്ങുകയായിരുന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24-നു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം നിശ്‌ചയിച്ച ശമ്പളമാണ് 20,000 രൂപ. 50 കിടക്കകളില്‍ താഴെയുള്ള ആശുപത്രികളുടെ മാനേജ്‌മെന്റുകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം അംഗീകരിച്ചു. പുതിയ തീരുമാനം അംഗീകരിക്കുകയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ), ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐ.എന്‍.എ) നേതാക്കള്‍ പറഞ്ഞു. സെക്രേട്ടറിയറ്റിനു മുന്നിലടക്കം നടത്തിവന്ന സമരങ്ങള്‍ അവസാനിപ്പിച്ചതായും അവര്‍ അറിയിച്ചു.