ബിജെപി ഭരണത്തില്‍ 114 തവണ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു

internet

സംഘര്‍ഷങ്ങളുടെ പേരില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം സര്‍ക്കാര്‍ നിരോധിക്കുന്നതില്‍ വന്‍ വര്‍ദ്ധന. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇതുവരെ 114 തവണ ഇന്റര്‍നെറ്റ് സേവനം റദ്ദുചെയ്തു. ബിജെപിയും സഖ്യ സര്‍ക്കാരുകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിരോധനം നടന്നത്. ബിജെപി ഭരണത്തില്‍ അഭിപ്രായ സ്വാതന്ത്യ്രത്തിനും ഇന്റര്‍നെറ്റ് അവകാശത്തിനും മുകളില്‍ നിയന്ത്രണങ്ങള്‍ രൂക്ഷമാവുമ്പോള്‍ ആഭ്യന്തര സുരക്ഷയുടെ പേരിലാണ് നിരോധനത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

2012ല്‍ മൂന്ന് തവണയാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. 2013ല്‍ അഞ്ച് തവണ. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ ഇത് ആറായി. 2015ല്‍ 14 തവണയായി വര്‍ദ്ധിച്ചു. 2016ല്‍ 31 തവണയായി. 2017 ജനുവരിക്കും ആഗസ്തിനും ഇടയില്‍ 55 തവണയാണ് വിവിധ സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് സേവനം റദ്ദു ചെയ്തത്. 2012ല്‍ ഒരു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഇപ്പോള്‍ 17 സംസ്ഥാനങ്ങളിലായി വ്യാപിച്ചു. ജമ്മു കശ്മീരിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായത്. കശ്മീര്‍ മേഖലയില്‍ 2016 ജൂലൈ മുതല്‍ നവംബര്‍ വരെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് റെദ്ദു ചെയ്തെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ച് പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരില്‍ ഇതുവരെ 53 തവണയാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. 2017ല്‍ ഇതുവരെ 25 തവണ നിരോധിച്ചു. 2012ല്‍ മൂന്നു തവണയാണ് നിരോധനം. രാജസ്ഥാനില്‍ 14 തവണയാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. ഈ വര്‍ഷം ഏഴ് തവണ. ഹരിയാനയില്‍ 11 തവണയാണ് നിരോധനം. ബലാത്സംഗക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയുണ്ടായ കലാപത്തെ തുടര്‍ന്ന് ഹരിയാനയിലും സമീപ സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് നിരോധിച്ചു. 2017ല്‍ ഏഴു തവണയാണ് നിരോധനം. ഗുജറാത്തില്‍ ആകെ 10 തവണയും 2017ല്‍ ഒരു തവണയുമാണ് നിരോധനം.

ഉത്തര്‍പ്രദേശില്‍ ഇതുവരെ നാലുതവണ ഇന്റര്‍നെറ്റ് നിരോധിച്ചു. ബീഹാര്‍, പശ്ചിമബംഗാള്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ മൂന്നു തവണയും മഹാരാഷ്ട്ര, ഒഡീഷ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു തവണയുമാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. പഞ്ചാബ്, മധ്യപ്രദേശ്, ജാര്‍ഖണ്ഢ്, ത്രിപുര, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡ്ഢിലും ഒരു തവണയും ഇന്റര്‍നെറ്റ് നിരോധിച്ചുവെന്ന് സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു തവണപോലും ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.

കോളനിവാഴ്ച്ചക്കാലം മുതല്‍ തുടരുന്ന കര്‍ഫ്യൂ നിയമങ്ങള്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ സേവനദാതാക്കളോട് ഇന്റര്‍നെറ്റ് സേവനം റദ്ദുചെയ്യാന്‍ ആവശ്യപ്പെടുന്നത്. കന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദുചെയ്യാനുള്ള അവകാശം ഉറപ്പു നല്‍കുന്ന നിയമം ആഗസ്ത് ആദ്യം വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തുവിട്ടിരുന്നു.