ഖബറടക്കാന്‍ എത്തിച്ച കുഞ്ഞിനു ജീവനുണ്ട്; പിന്നീട് മരിച്ചു

rss

ഖബറടക്കാന്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. പേരാമ്പ്ര സ്വദേശിനിയുടെ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് മരിച്ചെന്ന് കരുതി കഴിഞ്ഞദിവസം ഖബറടക്കാനായി കണ്ണംപറമ്പില്‍ എത്തിച്ചപ്പോഴാണ് ജീവന്റെ ലക്ഷണം കണ്ടത്. സംസ്‌കാരത്തിന് മുന്‍പായി കുളിപ്പിക്കാന്‍ കിടത്തിയ കുട്ടിയുടെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങുകയായിരുന്നു. കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ തന്നെ കുഞ്ഞിന് ജീവനുള്ള തരത്തില്‍ അനുഭവപ്പെടുന്നതായി ഒരു ബന്ധു സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ തിരികെ എത്തിക്കുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായില്ല. സസ്‌പെന്റഡ് ആനിമേഷന്‍ എന്ന അവസ്ഥയായിരിക്കാം കുട്ടിക്ക് സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മരണതുല്യമായ അബോധാവസ്ഥയാണിത്. ഈ സ്ഥിതിയില്‍ ശ്വസനവും മിടിപ്പും ഉണ്ടാകില്ല. പേരാമ്പ്ര സ്വദേശിയായ യുവതിയെ ചൊവ്വാഴ്ചയാണ് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു.