ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ കര്‍ശനമാക്കി

helmet

സംസ്ഥാനത്ത് ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിന് നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

പിഴ ഒഴിവാക്കാനായി വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകളാണ് പലരും ധരിക്കുന്നത്. ചെറിയൊരു അപകടത്തില്‍തന്നെ പൊട്ടിപ്പോകുന്ന ഹെല്‍മറ്റുകള്‍ ദുരന്തം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെയില്‍ ടാക്‌സ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നല്‍കി.

ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. നിയമലംഘനം നടത്തുന്നവരില്‍നിന്നു പിഴ ഈടാക്കാനാണു തീരുമാനം.