കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റോയ്ക്കും ഐബിക്കും ഡിജിപി ലോക്നാഥ് ബഹ്റ കത്തയച്ചു.
ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നും ഇതിനു സഹായം വേണമെന്നുമാണ് കത്തിലെ ആവശ്യം.
അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ശംഖുമുഖം എസിപി ഇളങ്കോ ഐപിഎസ് വിദേശകാര്യമന്ത്രാലയം വഴി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബവുമായി ലിസയ്ക്ക് അടുപ്പമില്ലാതിരുന്നതിനാല്‍ അവിടെനിന്നും വിവരങ്ങള്‍ ലഭിക്കുന്നില്ല.
ലിസയുടെ മാതാവിനു ജര്‍മന്‍ ഭാഷ മാത്രമാണ് അറിയാവുന്നത്. വിവരങ്ങള്‍ ലഭിക്കുന്നതിന് ഇതും തടസമാണ്. വിദേശത്തു പോയി അന്വേഷണം നടത്താന്‍ കേരള പൊലീസ് കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. ഇത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേസ് അന്വേഷണത്തിലെ മെല്ലെപോക്കില്‍ ഡിജിപി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അന്വേഷണ സംഘം നേരിടുന്ന തടസങ്ങള്‍ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ജര്‍മന്‍ എംബസിയില്‍നിന്നും നിരന്തര അന്വേഷണം ഉണ്ടാകുന്ന സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ലിസ വര്‍ക്കലയില്‍ താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതാണ് കേസ് അന്വേഷണത്തിലെ ഏക ‘പുരോഗതി’.മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്.
മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി മാതാവ് ജൂണിലാണ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്. ലിസയുടെ ഒപ്പമെത്തിയ യുകെ പൗരന്‍ മുഹമ്മദ് അലി മാര്‍ച്ച് 15ന് തിരികെ പോയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇയാളില്‍നിന്ന് വിവരം ശേഖരിക്കാനായി ബ്രിട്ടിഷ് എംബസി വഴി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ലിസയ്ക്ക് ഭീകര സംഘടനകളുമായി അടുപ്പമുണ്ടെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അന്വേഷണത്തില്‍ ഇതു ശരിയല്ലെന്നു വ്യക്തമായി.
തൃശൂരിലെ വ്യാപാര കേന്ദ്രത്തില്‍ ലിസയെ കണ്ടതായി ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ലിസയുടെ സാന്നിധ്യം കണ്ടെത്താനായില്ല. വിമാനത്താവളങ്ങള്‍ േകന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടിട്ടില്ല.
മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനു വിവരം കൈമാറിയെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഇന്റര്‍പോളിന്റെ സഹകരണത്തോടെ യെല്ലോ നോട്ടിസ് പുറത്തിറക്കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല.
മാര്‍ച്ച് 5ന് അമേരിക്കയിലുള്ള മക്കളുമായി വിഡിയോ കോളില്‍ സംസാരിച്ച ലിസ മാര്‍ച്ച് 10നാണ് അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്ക് പോകുന്ന കാര്യം സഹോദരി കരോലിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്ക് കഴിയാനാണ് ഇന്ത്യയിലേക്ക് പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്.
മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലിസയെന്നാണ് സഹോദരി വെളിപ്പെടുത്തിയത്. കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് കരോളിനോട് സംസാരിച്ച് വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
ഇസ്‌ലാം ആശയങ്ങളില്‍ ആകൃഷ്ടയായി ലിസ 8 വര്‍ഷം മുന്‍പ് മതം മാറിയിരുന്നു. ഈജിപ്റ്റിലെ കെയ്റോയില്‍വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്തു. അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 2 കുട്ടികളുണ്ട്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണു പിന്നീട് ജര്‍മനിയിലേക്ക് പോയത്.